Connect with us

National

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷര്‍ജീലിനും ജാമ്യമില്ല

വിചാരണയില്ലാതെ തങ്ങളെ ദീര്‍ഘകാലം തടവിലിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഡല്‍ഹി കോടതി തള്ളി. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയി ആണ് ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. യുഎപിഎ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിചാരണയില്ലാതെ തങ്ങളെ ദീര്‍ഘകാലം തടവിലിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷം തികയുകയോ ചെയ്യുന്നത് വരെ ജാമ്യാപേക്ഷയുമായി ഇവര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ഹരജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും, അവ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ജനുവരി അഞ്ചിന് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, തുടര്‍ന്നുണ്ടായ ജുഡീഷ്യല്‍ സംഭവവികാസങ്ങള്‍ സാഹചര്യത്തില്‍ മാറ്റം വരുത്തിയെന്നും, അതിനാല്‍ പുതിയ ജാമ്യാപേക്ഷ നിലനില്‍ക്കുമെന്നും ഉമര്‍ ഖാലിദ് വാദിച്ചു. ജാമ്യം നിഷേധിക്കപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടും വിചാരണ നടപടികളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഷര്‍ജീല്‍ ഇമാം വാദിച്ചു. വിചാരണ കൂടാതെ ആറ് വര്‍ഷത്തോളമായി താന്‍ തടവിലാണെന്നും, കേസില്‍ ഇതുവരെ കുറ്റപത്രം പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിചാരണ നീണ്ടുപോകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഇരുവരും കോടതിയില്‍ വാദിച്ചെങ്കിലും, കോടതി ഈ വാദങ്ങള്‍ തള്ളി.

Content Highlights: A Delhi court rejected the bail applications of Umar Khalid and Sharjeel Imam in the 2020 Delhi riots conspiracy case. The accused argued that prolonged imprisonment without trial violates their fundamental rights. However, the judge dismissed the pleas stating they are not maintainable now.

---- facebook comment plugin here -----

Latest