Connect with us

Kerala

മഴക്കെടുതി; സംസ്ഥാനത്ത് മരണം 13 ആയി

കോട്ടയം കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടു പേരും മരിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി. ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടു പേരും മരിച്ചു. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവിടെ കണ്ടെടുത്ത ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി (45), മകന്‍ അലന്‍ (8), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (50) എന്നിവരുടെയും മൃതദേഹം കണ്ടെത്തി. ഇവര്‍ക്കു പുറമേ ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍, കൂവപ്പള്ളിയില്‍ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് വിവരം. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട പെരുവന്താനം നിര്‍മലഗിരി വടശ്ശേരില്‍ ജോജി (44)യുടെ മൃതദേഹവും ലഭിച്ചു.

സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണു കാലാവസ്ഥാ പ്രവചനം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

Latest