Editorial
കോടതിയുടെ സാരോപദേശം മതിയാകില്ല
ലൈംഗികതയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അവസ്ഥ സമൂഹത്തില്‍ ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുകയും ലൈംഗിക കുറ്റകൃത്യങ്ങളും ചതിയും വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം പരിഗണിച്ചു ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ പൊതുമൂല്യങ്ങള്‍ നഷ്ടപ്പെടും.
നല്ലൊരു ഉപദേശമാണ് യുവതീയുവാക്കള്‍ക്ക് സുപ്രീംകോടതി നല്‍കിയത്. വിവാഹത്തിനു മുമ്പ് പുരുഷനും സ്ത്രീയും അന്യരാണ്. ആരും ആരെയും – സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും- വിശ്വസിക്കരുത്. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിന് സമ്മതിക്കരുത്. ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കണം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ കോടതി ബഞ്ചിന്റെ സാരോപദേശം.
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ആത്മാര്‍ഥതയില്ലാത്ത, ശാരീരിക ആകര്‍ഷണത്തിനു പുറത്ത് മാത്രം പൊട്ടിമുളക്കുന്നതാണ് ഇന്നത്തെ പ്രണയബന്ധങ്ങള്‍. ലൈംഗിക ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ ബന്ധത്തോട് താത്പര്യം കുറയുകയും മറ്റൊരു ബന്ധം തേടിപ്പോകുകയും ചെയ്യുന്നത് പതിവു സംഭവമാണ്. വേഗത്തില്‍ തുടങ്ങുന്ന ബന്ധങ്ങള്‍ അത്രതന്നെ വേഗത്തില്‍ അവസാനിക്കുന്നു. ആഴത്തിലുള്ള ബന്ധങ്ങള്‍ക്ക് പകരം താത്കാലികമായ സുഖം മാത്രമാണ് ലക്ഷ്യം. സിനിമകളിലും സീരിയലുകളിലും താത്കാലിക ബന്ധങ്ങളെയും ലൈംഗികതയെയും ആഘോഷിക്കുന്നത് പുതിയ തലമുറയെ തെറ്റായി സ്വാധീനിക്കുകയാണ്. ഒരാളെ സ്‌നേഹിക്കുന്നതിനു പകരം ഉപയോഗിക്കുക എന്ന മാനസികാവസ്ഥയാണ് മിക്കവര്‍ക്കും. കൂട്ടുവേണം, പക്ഷേ വിവാഹമെന്ന ഉത്തരവാദിത്വം വേണ്ട എന്ന ചിന്താഗതിയും ശക്തിപ്പെട്ടു വരുന്നു സമൂഹത്തില്‍. ഇത്തരം പ്രവണതകളാണ് പ്രണയത്തില്‍ സ്ത്രീ വഞ്ചിക്കപ്പെടാനും വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കപ്പെടാനും ഇടയാക്കുന്നത്.
ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ കരുത്ത് കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളാണ്. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ വൈവാഹിക ബന്ധങ്ങളാണ് കുടുംബത്തെ നിലനിര്‍ത്തുന്നത്. വിവാഹപൂര്‍വ ബന്ധങ്ങള്‍ വിവാഹമെന്ന പവിത്രമായ കരാറിനോടുള്ള ഗൗരവവും വിശ്വാസവും കുറയ്ക്കാന്‍ ഇടയാക്കുന്നു. ഇത് കുടുംബമെന്ന വ്യവസ്ഥിതിയുടെ അടിത്തറക്ക് ഇളക്കം തട്ടിക്കുകയാണ്. യുവ തലമുറ ഇത്തരം ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ വരും തലമുറയുടെ മൂല്യബോധത്തെ അത് ബാധിക്കും. ഏതൊരു സമൂഹവും നിലനില്‍ക്കുന്നത് ചില അലിഖിത നിയമങ്ങളിലൂടെയും മൂല്യങ്ങളിലൂടെയുമാണ്. അധാര്‍മിക ബന്ധങ്ങള്‍ മിക്കപ്പോഴും അവസാനിക്കുന്നത് അശാന്തിയിലാണ്. അത് വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ ബാധിക്കുന്നു. ഇത് സമൂഹത്തില്‍ പ്രതികാര നടപടികള്‍, ബ്ലാക്ക് മെയിലിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നു. ഏകാന്തതയും മാനസിക വ്യഥയും വര്‍ധിപ്പിക്കുകയും ചെയ്യും ഉത്തരവാദിത്വമില്ലാത്ത ബന്ധങ്ങള്‍.
18 വയസ്സായ പുരുഷനും സ്ത്രീയും തമ്മില്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല ഇന്ത്യന്‍ നിയമ പ്രകാരം. നേരത്തേ ഇത് കുറ്റകരമായിരുന്നെങ്കിലും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ 2018 സെപ്തംബര്‍ ആറിന് സുപ്രീം കോടതി നിയമവിധേയമാക്കുക യായിരുന്നു. വിവാഹം ചെയ്യാതെ ആണും പെണ്ണും ഒരുമിച്ചു കഴിയുന്നതും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും സാധൂകരിക്കുന്ന ഉത്തരവ് 2010ല്‍ പുറപ്പെടുവിച്ചു. ജീവിക്കാനുള്ള അവകാശം (ഭരണഘടനാ അനുഛേദം 21) ഉയര്‍ത്തിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍. സുപ്രീം കോടതിയുടെ ഈ വിധിപ്രസ്താവങ്ങളാണ് സമൂഹത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഉള്‍പ്പെടെ തെറ്റായ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്. സ്ത്രീകളെ ദിവസങ്ങളോ ആഴ്ചകളോ ഉപയോഗിച്ച ശേഷം പിന്നീട് അത് “സൗഹൃദം’ മാത്രമായിരുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും സിനിമ- സാമൂഹിക മാധ്യമ സ്വാധീനവും മൂലമാണ് ന്യായാധിപന്മാര്‍ ഉള്‍പ്പെടെയുള്ളവരെ, ഇത്തരം ബന്ധങ്ങളെ പുരോഗമനപരമായി കാണാന്‍ വഴിയൊരുക്കിയത്. ഇപ്പോള്‍ സുപ്രീം കോടതിക്കു തന്നെ അതിനെതിരെ സമൂഹത്തെ ബോധവാന്മാരാക്കേണ്ടി വന്നിരിക്കുന്നു.
സ്വതന്ത്ര ലൈംഗികത അനുവദിക്കുകയും അതിരുകളില്ലാത്ത ലൈംഗിക ലോകത്തേക്ക് സമൂഹത്തെ കയറൂരി വിടുകയും ചെയ്ത ശേഷം നിയന്ത്രണം പാലിക്കണമെന്ന് സാരോപദേശം നല്‍കിയത് കൊണ്ടായില്ല. ഇക്കാര്യത്തില്‍ അതിര്‍ വരമ്പുകള്‍ അനിവാര്യമാണ്. വിവേകവും സദാചാര ബോധവുമാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന ഘടകങ്ങള്‍. ലൈംഗികതയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അവസ്ഥ സമൂഹത്തില്‍ ലൈംഗിക അരാജകത്വത്തിന് വഴിയൊരുക്കുകയും ലൈംഗിക കുറ്റകൃത്യങ്ങളും ചതിയും വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം പരിഗണിച്ചു ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ പൊതുമൂല്യങ്ങള്‍ നഷ്ടപ്പെടും. മറ്റൊരാളുടെ ജീവിതത്തെ തകര്‍ക്കുകയും സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യുന്ന തരത്തിലാകരുത് ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടത്. ധാര്‍മികതയുടെയും മൂല്യങ്ങളുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചു കൊണ്ടുള്ള ബന്ധങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും ഗുണകരമല്ല. നിയമം അനുമതി നല്‍കുന്നുവെന്നതുകൊണ്ട് മാത്രം ഒരു കാര്യം ധാര്‍മികമായി ശരിയാകണമെന്നില്ല. ആത്മനിയന്ത്രണവും വിവേകവും ഉത്തരവാദിത്വവുമാണ് യഥാര്‍ഥ സ്വാതന്ത്ര്യം. കോടതികള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വിശാല അര്‍ഥം നല്‍കി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും തള്ളിവിടാതെ സമൂഹത്തിന്റെ ഭദ്രത കൂടി കണക്കിലെടുത്തുകൊണ്ടുള്ള അര്‍ഥ തലങ്ങളിലേക്ക് തിരിച്ചു വരികയും തദാനുസാരം ലൈംഗിക ബന്ധങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്.




