Connect with us

waqf protection

വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണും: വഖഫ് ആക്ഷൻ കൗൺസിൽ

വഖഫ് ലീഗൽ സെൽ രൂപവത്കരിച്ചു. എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികൾ 

Published

|

Last Updated

കോഴിക്കോട് | കോടതി ഉത്തരവുള്ള റവന്യൂ സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരണ യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും നേരിൽ ധരിപ്പിക്കാനും തീരുമാനിച്ചു. വഖഫ് ആക്‌ഷൻ കൗൺസിൽ ചെയർമാൻ പി ടി എ റഹീം എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വഖഫ് ലീഗൽ സെൽ രൂപവത്കരിച്ചു.

മുൻ അഡ്വക്കേറ്റ് ജനറൽ വി കെ ബീരാൻ ചെയർമാനും അഡ്വ.എം സഫറുല്ല കൺവീനറുമാണ്. അഡ്വ. മുജീബ് അലി, അഡ്വ. സി ശുക്കൂർ , അഡ്വ. അബ്ദുൽ അസീസ് എന്നിവരാണ് ലീഗൽ സെൽ അംഗങ്ങൾ. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ സംബന്ധിച്ച വിവര ശേഖരണത്തിനും ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കാനും മൊബൈൽ ആപ്പ് തയ്യാറാക്കും. എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികൾ നിലവിൽ വരും. മാർച്ച് അവസാന വാരം മലപ്പുറത്ത് ആദ്യ പരിപാടി സംഘടിപ്പിക്കും.

അഡ്വ. വി കെ ബീരാൻ, വള്ളിയാട് മുഹമ്മദലി സഖാഫി, യൂസുഫ് എൻജിനീയർ, മോയിൻ ബാപ്പു, അഡ്വ. മുജീബ് അലി, അഡ്വ. എം സഫറുല്ല, മുക്കം ഉമർ ഫൈസി, എൻ കെ അബ്ദുൽ അസീസ്, നാസർ കോയ തങ്ങൾ, നസ്റുദ്ദീൻ മജീദ്, റിയാസ് തളിപ്പറമ്പ്, ഒ പി ഐ കോയ, മുസ്തഫ പി എറയ്ക്കൽ, പി കെ എം അബ്ദുർറഹ്മാൻ സഖാഫി പ്രസംഗിച്ചു. വഖഫ് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ പ്രൊഫ. എ പി അബ്ദുൽ വഹാബ് സ്വാഗതവും ഉമർ ഏറാമല നന്ദിയും പറഞ്ഞു.
---- facebook comment plugin here -----

Latest