Connect with us

silver line

സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

ഡി പി ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രസ്താവനകൾ വസ്‌തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഈ പദ്ധതി മരവിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രമേയവതാരകന്‍ പറയുന്നത്. ഇത് വസ്‌തുതാവിരുദ്ധമാണ്‌. റോജി എം ജോണിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ ഡി പി ആര്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് വ്യക്തത നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഡി പി ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. പദ്ധതിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്‌തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നുവരികയാണ്. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണ് . നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ല. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാര്‍ത്താനിര്‍മിതികളിലൂടെ നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.