Connect with us

Kerala

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നല്‍കുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  ഏഴംകുളത്ത് പ്രവര്‍ത്തിക്കുന്ന മണപ്പുറം ഗോള്‍ഡ് ലോണ്‍ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം വയല അറുകാലിക്കല്‍ വെസ്റ്റ് മാളിക കിഴക്കേതില്‍ വീട്ടില്‍ സാജന്‍(32)നെയാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ അവസാന ആഴ്ചയാണ് പ്രതി സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം കൈപ്പറ്റിയത്.

സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നല്‍കുകയായിരുന്നു. ഇയാള്‍ പണം കൈപ്പറ്റിപ്പോയ ശേഷം, സംശയം തോന്നിയ ജീവനക്കാര്‍ ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ കോട്ടയത്ത് നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഇയാള്‍ സമാനരീതിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വര്‍ണം പണയം വെച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്. പ്രതിയുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി, തീവയ്പ് അടക്കം പത്തിലധികം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൂരക്കോട്, അന്തിച്ചിറ മേഖലകളിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.