Connect with us

Lokavishesham

സംയമനം കാലഹരണപ്പെട്ട പദമല്ല

സഹനവും സംയമനവും ബലഹീനതയല്ല. അത് ഒത്തുതീർപ്പും കീഴടങ്ങലുമല്ല. നബി ചര്യയാണത്. സാഹചര്യത്തെ വികാരപരമായി നേരിടാൻ വിശ്വാസികൾക്ക് സാധിക്കില്ല. വിവേകമാണ് അവരെ നയിക്കുക. ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്ന അൽഖാഇദയിലല്ല അവരുടെ ആശ്രയം.

Published

|

Last Updated

പ്രവാചകവിരുദ്ധ പ്രസ്താവനകൾക്കും കാർട്ടൂണുകൾക്കും സിനിമകൾക്കും എഴുത്തുകൾക്കും ഒറ്റ ദൗത്യമാണ് നിർവഹിക്കാനുള്ളത്- പ്രകോപനം. തിരുനബിയുടെ വ്യക്തിത്വത്തെ ഇടിച്ചു കാണിക്കാനോ വിശ്വാസികൾക്കിടയിലെ പ്രവാചകാനുരാഗത്തെ തളർത്താനോ വിശുദ്ധ സത്യത്തിലേക്ക് ചുവടുവെക്കുവന്നവരെ പിന്തിരിപ്പിക്കാനോ ഒന്നും ഈ ആ
ക്രോശങ്ങൾക്ക് ശേഷിയില്ല. ഇക്കൂട്ടർ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് പ്രകോപിപ്പിക്കുകയെന്നത് മാത്രമാണ്. പ്രകോപിതനാകുകയെന്നാൽ സംയമനം കൈവിടുന്നു എന്നാണ് അർഥം. പ്രകോപിതനാകുമ്പോൾ നിങ്ങൾക്ക് നിലവിടുന്നു. പ്രവാചകവിരുദ്ധ പരാമർശങ്ങൾ യഥാർഥ വിശ്വാസികളെ വേദനിപ്പിക്കും. അവർ പ്രാർഥനകളിൽ മുഴുകും. നബി പ്രകീർത്തനങ്ങൾ വർധിപ്പിക്കും. കണ്ണീരൊഴുക്കും. സാധ്യമായ എല്ലായിടത്തും പ്രവാചക സത്യം അവർ അവതരിപ്പിക്കും. കൂടുതൽ സൂക്ഷ്മതയോടെ പ്രവാചകനെ അനുധാവനം ചെയ്യാൻ ശ്രമിക്കും. എന്നാൽ, അവർ പ്രകോപിതരാകില്ല. പ്രവാചകവിരുദ്ധത പടർത്തുന്നവരുടെ അജൻഡയിൽ കുടുങ്ങാൻ യഥാർഥ വിശ്വാസിയെ കിട്ടില്ല. നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പ്രവാചകവിരുദ്ധ പരാമർശത്തോട് തികച്ചും വ്യവസ്ഥാപിതമായി പ്രതികരിക്കുകയാണ് ഇന്ത്യൻ മുസ്‌ലിംകൾ ചെയ്തത്. അതുകൊണ്ട് തന്നെ വിദ്വേഷ പ്രചാരകർ നിരാശയിലായിരുന്നു. തെരുവുകൾ അശാന്തമാകുകയും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും മനുഷ്യർ കൊല്ലാനും ചാവാനുമിറങ്ങുകയുമാണ് അവർക്ക് വേണ്ടത്. ന്യൂനപക്ഷത്തെ ആക്രമിച്ച് ഭൂരിപക്ഷം കൂട്ടുകയെന്ന രാഷ്ട്രീയ കൗശലത്തിന് തലവെച്ച് കൊടുക്കാൻ കുറേ വികാരജീവികളെ വേണമായിരുന്നു അവർക്ക്. അതുകൊണ്ട് ഡൽഹിയിലും കൊൽക്കത്തയിലും പ്രയാഗ്്രാജിലും റാഞ്ചിയിലും ശ്രീനഗറിലുമൊക്കെ അരങ്ങേറിയ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ യഥാർഥ രാഷ്ട്രീയ ബോധമുള്ളവരെയും യഥാർഥ മതബോധമുള്ളവരെയും അത്രയൊന്നും ആവേശഭരിതമാക്കില്ല. ഏത് നിമിഷവും അക്രമാസക്തതയുടെ പുതിയൊരു തിരിവിലേക്ക് നീങ്ങാൻ സാധ്യതയുള്ള ഒന്നായി പ്രതിഷേധം മാറുകയാണോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. വിശ്വാസിയുടെ വേദന ആരൊക്കെയോ ഹൈജാക്ക് ചെയ്യുന്നുവെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

സഹനവും സംയമനവും ബലഹീനതയല്ല. അത് ഒത്തുതീർപ്പും കീഴടങ്ങലുമല്ല. നബി ചര്യയാണത്. നബി നിന്ദയുടെ ചരിത്രം പ്രവാചകത്വത്തോടെ ആരംഭിച്ച ഒന്നാകുന്നു. പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് മക്കക്കാർക്ക് മുഹമ്മദ് (സ) അൽ അമീൻ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കിന് തെളിവ് ആവശ്യമില്ലായിരുന്നു. വാക്ക് തന്നെയായിരുന്നു വസ്തുത. എല്ലാ ഇടപാടുകളിലും അവർ അൽ അമീനെ ഇടയാളനാക്കി. എല്ലാ തർക്കങ്ങൾക്കും അവർ ആ യുവാവിനെ തീർപ്പുകാരനാക്കി. പൊതു മണ്ഡലത്തിന്റെ എല്ലാ തുറകളിലും അവർ അദ്ദേഹത്തിന് സമ്മോഹനങ്ങളായ ഇരിപ്പിടങ്ങൾ സമ്മാനിച്ചു. നാൽപ്പതാം വയസ്സിൽ ഹിറാ ഗുഹയുടെ ഏകാന്തതയിൽ നിന്ന് പ്രവാചകത്വത്തിന്റെ ഉൾക്കിടിലവുമായി മലയിറങ്ങി വന്ന നിമിഷം മുതൽ ഈ വിശ്വസ്തതകളെല്ലാം അസ്തമിച്ചു. ക്രൂരമായ നിന്ദകൾക്കും അധിക്ഷേപങ്ങൾക്കും അപരവത്കരണത്തിനും പ്രവാചകനെ അവർ വിധേയനാക്കി. ശാരീരികമായ ആക്രമണത്തേക്കാൾ പ്രവാചകനെ വേദനിപ്പിച്ചത് ഗൂഢമായ പ്രചാരണങ്ങളായിരുന്നു. പ്രവാചകൻ മുന്നോട്ടുവെച്ച വിശ്വാസ വീക്ഷണം വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും അത് മണലാരണ്യത്തിന്റെ ക്രൗര്യങ്ങൾക്ക് മേൽ സത്യത്തിന്റെ ശാന്തത പടർത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞത് കൊണ്ടു തന്നെയാണ് പ്രവാചകൻ അവർക്ക് ശത്രുവായത്. വിജയത്തിന്റെ തത്തശാസ്ത്രമാണ് പ്രവാചകനും അദ്ദേഹത്തിന്റെ അനുയായികളും മുന്നോട്ടുവെക്കുന്നതെന്ന് ഗോത്ര പ്രമാണികൾ അടക്കമുള്ള എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. അത്‌കൊണ്ടാണ് അവർ നിന്ദയുടെ ആയുധം പുറത്തെടുത്തത്. വിശ്വാസത്തിന്റെ ആത്മവിശ്വാസം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ, എല്ലാം സഹിക്കാനും പ്രകോപിതരാകാതിരിക്കാനുമാണ് അവിടുന്ന് അനുയായികളെ ഉപദേശിച്ചത്. ഒടുവിൽ വേദനാപൂർണമായ പലായനം തിരഞ്ഞെടുത്തു. മദീനയിലും അപവാദ വ്യവസായം തുടർന്നു. ജൂതൻമാരുടെ കൗശലവും കുടിലതയും കൂടിയായപ്പോൾ ഒരു നാട് മുഴുവൻ പിന്തുണക്കാനുണ്ടായിട്ടും നബി തിരുമേനിയുടെ വ്യക്തിത്വത്തിന് നേരെ ക്ഷുദ്രാവിഷ്‌കാരങ്ങളുടെ ആക്രമണം ഉണ്ടായിക്കൊണ്ടിരുന്നു. അക്കാലം വരെ നിലനിന്ന കെട്ട ബോധ്യങ്ങളെ നിരാകരിക്കുകയും മാനവികതയുടെ പുതിയ പ്രഭാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് ഈ ആക്രമണങ്ങൾ ശക്തമായത്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ അദ്ദേഹം അൽഅമീൻ തന്നെയായി നിലനിൽക്കുമായിരുന്നു.

വിശുദ്ധ മതത്തിന്റെ വെളിച്ചം സാമ്രാജ്യങ്ങൾ കടന്ന് ചെന്നു. ഈ വ്യാപനത്തിൽ അത്ഭുതപരതന്ത്രരായവരെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പ്രവാചകന്റെ വ്യക്തിത്വത്തെയും ജീവിത സത്യങ്ങളെയും ആക്രമിക്കുകയാണ് ചെയ്തത്. കാരണം, വിശ്വാസിയെ ചേർത്തുനിർത്തുന്ന വികാരം പ്രവാചകൻ എന്ന ഉൺമ ആണെന്ന് അവർക്കറിയം. മതപരിഷ്‌കരണവാദികൾ പ്രവാചകനെതിരെ ഉയർത്തിയ സാധാരണീകരണ വാദത്തിന് പാശ്ചാത്യ, ക്രിസ്ത്യൻ ലോകത്തിൽ നിന്ന് വലിയ പിന്തുണ കിട്ടിയത് അതുകൊണ്ടാണ്. അന്ന് അബൂ ലഹബും അബൂജഹ്്ലും ഉത്ബത്തും ശൈബത്തുമൊക്കെയായിരുന്നെങ്കിൽ പിന്നീടത് മഹാചരിത്രകാരൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ടവർ ഏറ്റെടുത്തു. പ്രവാചകനെ അപമാനിക്കാനുള്ള പഴുതുകൾ തേടി സംവത്സരങ്ങൾ നീണ്ട ഗവേഷണങ്ങൾ തന്നെ നടന്നു. മതനിഷേധികളും സയണിസ്റ്റുകളും കുരിശുയുദ്ധത്തിന്റെ പിൻമുറക്കാരുമെല്ലാം കൈകോർത്തു. സാമുവൽ ഹണ്ടിംഗ്ടണും സൽമാൻ റുഷ്ദിയും തസ്‌ലീമാ നസ്‌റിനുമൊക്കെ ആ നിരയിൽ നിലയുറപ്പിക്കുന്നു. ഇങ്ങേത്തലക്കൽ നൂപുർ ശർമ നിൽക്കുമ്പോഴും യഥാർഥ വിശ്വാസി മക്കയിൽ തന്നെയാണ്, സംയമനത്തിന്റെ വഴിയിൽ.

സ്വന്തം ആദർശത്തിൽ ആത്മവിശ്വാസമില്ലാത്തവർ ആ വഴി കൈയൊഴിഞ്ഞപ്പോഴെല്ലാം പ്രാവചകവിരുദ്ധരാണ് വിജയിച്ചത്. പ്രവാചകവിരുദ്ധതയുടെ ആഗോള പരിസരം പരിശോധിച്ചാൽ ഇത് വ്യക്തമാകും. വേൾഡ് ട്രേഡ് സെന്റർ ആക്രമത്തിന് ശേഷം സാമ്രാജ്യത്വ ശക്തികൾ ഇസ്‌ലാമോഫോബിയ കത്തിച്ചു നിർത്താൻ ഇത്തരം ക്ഷുദ്രാവിഷ്‌കാരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 2005 സെപ്തംബറിൽ നബി നിന്ദാ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു കൊണ്ട് ഡാനിഷ് പത്രമായ ജില്ലൻഡ് പോസ്റ്റണാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമാനന്തര ലോകത്ത് അക്രമാസക്ത പ്രതിഷേധത്തിന്റെ നാളുകൾക്ക് തുടക്കമിട്ടത്. കോപ്പൻഹേഗനിൽ 3,500 പേർ സമാധാനപരമായി നടത്തിയ റാലിയായിരുന്നു ഇതിനെതിരെ ഉയർന്ന ആദ്യ പ്രതികരണം. കാർട്ടൂണുകാരുടെ ഉദ്ദേശ്യം പ്രകോപനമായതിനാൽ വരും ആഴ്ചകളിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ പത്രങ്ങൾ ഈ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചു. അതോടെ പ്രതിഷേധം ആളിക്കത്തി. നയതന്ത്ര കാര്യാലയങ്ങൾ ആക്രമിക്കപ്പെട്ടു. തീവ്രവാദി ഗ്രൂപ്പുകൾ ചാവേർ ആക്രമണങ്ങൾ നടത്തി. ക്രിസ്ത്യൻ ആരാധനാലയങ്ങൾ തീവെച്ച് നശിപ്പിച്ചു. ഈ ഘട്ടത്തിൽ മുസ്‌ലിം രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഡാനിഷ് ഭരണ നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചു. പക്ഷേ, ഡാനിഷ് അധികാരികൾ കൂട്ടാക്കിയില്ല. ആവിഷ്‌കാരത്തിന്റെ പ്രശ്‌നമല്ല, കൃത്യമായ രാഷ്ട്രീയ കുതന്ത്രമാണ് കാർട്ടൂണുകളെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ചാ നിരാസം.

അടുത്തത് ഇന്നസൻസ് സിനിമയായിരുന്നു. അമേരിക്കയിൽ നിർമിച്ച ഇന്നസൻസ് ഓഫ് മുസ്‌ലിംസ് സിനിമ ആദ്യം പ്രദർശിപ്പിച്ചത് 2011 ജൂൺ 30ന് ഹോളിവുഡിലെ വൈൻ തിയേറ്ററിലായിരുന്നു. വിരലിലെണ്ണാവുന്നവരേ സിനിമ കാണാനെത്തിയുള്ളൂ. മുളപൊട്ടാനാകാതെ മണ്ണിലലിഞ്ഞ് പോകുമായിരുന്ന ആ വിഷവിത്തിന് വിദ്വേഷ വേഷം സാധ്യമാകുന്നത് അതിലെ ഒരു ഭാഗം മൊഴിമാറ്റം നടത്തി യൂട്യൂബിൽ നിക്ഷേപിച്ചതോടെയാണ്. ഈജിപ്തിലെ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയാണ് അത് ചെയ്തത്. സിനിമ എഴുതി, സംവിധാനം ചെയ്ത് നിർമിച്ചത് സാം ബാസിലെ എന്നയാളാണ്. മുസ്ഹഫ് കത്തിക്കുമെന്ന് ഭീഷണി മുഴക്കി പേരെടുക്കാൻ ശ്രമിച്ച വിവാദ പാസ്റ്റർ ടെറി ജോൺസുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. സാമിന് അമ്പത് ലക്ഷം ഡോളറാണ് പേര് വെളിപ്പെടുത്താത്ത ജൂത കോടീശ്വരൻമാർ നൽകിയത്. ലിബിയയിലാണ് ഈ സിനിമയുടെ പേരിൽ ആദ്യം ചോര ചിന്തിയത്. അൽഖാഇദക്കാർ അമേരിക്കൻ എംബസി ആക്രമിക്കുകയായിരുന്നു. ഈ ആക്രമണമാണ് ലിബിയയിൽ അമേരിക്കൻ സൈനിക സാന്നിധ്യത്തിന് വഴി തുറന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഗൂഢ തന്ത്രങ്ങൾ വെളിവാകുന്നത്.

ഷാർളി ഹെബ്‌ദോ എന്ന ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക പ്രസിദ്ധീകരിച്ച കാർട്ടൂണും ഇതേ ദൗത്യം നിർവഹിച്ചു. വാരികയുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകൾ അടക്കം 12 പേർ മരിച്ചു. ഷാർളി ഹെബ്‌ദോ സംഭവത്തിന് ശേഷം ഫ്രാൻസിൽ ഇസിൽ സംഘം നിരവധി ഭീകരാക്രമണങ്ങൾ നടത്തി. ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ വിളനിലമായി കൊണ്ടാടിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഫ്രാൻസ്. സ്വതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഉജ്ജ്വല മുദ്രാവാക്യങ്ങൾക്ക് മേൽ പടുത്തുയർത്തിയ രാജ്യം. മതാധിഷ്ഠിതമായ അതിന്റെ രൂപവത്കരണത്തെ മറച്ചുവെക്കാനും ഉത്കൃഷ്ട ദേശീയതയുടെ മേൽക്കുപ്പായമണിയാനും ഫ്രാൻസിന് സാധിച്ചിരുന്നു. എന്നാലിപ്പോൾ ആ രാജ്യം അതിവേഗം തീവ്ര ദേശീയതക്കും മതവിവേചന ആശയങ്ങൾക്കും കീഴ്‌പ്പെടുകയാണ്. നബി നിന്ദാ കാർട്ടൂൺ വരച്ചവരും അതിനോട് തികച്ചും വിധ്വംസകമായി പ്രതികരിച്ച തീവ്രവാദി ഗ്രൂപ്പുകളും ഒരു പോലെ ഈ മുഖം മാറ്റത്തിൽ കുറ്റവാളികളാണ്. ഈ സാഹചര്യത്തെ വിദഗ്ധമായി ഉപയോഗിച്ചാണ് പ്രസിഡന്റ്ഇമ്മാനുവേൽ മാക്രോൺ അവിടെ ഭരണത്തുടർച്ച നേടിയത്.

ഷാർളി ഹെബ്‌ദോ മാഗസിൻ നബിനിന്ദാ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് 2015ലായിരുന്നു. 2020ൽ ആ കാർട്ടൂൺ ഫ്രാൻസിലെ ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിച്ച് കുട്ടികളെ “പഠിപ്പിക്കാൻ’ ഒരു അധ്യാപകൻ ശ്രമിച്ചതോടെ പുതിയ പ്രശ്‌നങ്ങൾ തുടങ്ങി. അധ്യാപകന്റെ കഴുത്തറുത്ത് കൊന്നാണ് വിദ്യാർഥികളിൽ ചിലരുടെ രക്ഷിതാക്കളടങ്ങുന്ന തീവ്രവാദികൾ പ്രതികരിച്ചത്. നബിനിന്ദാ കാർട്ടൂൺ വീണ്ടും വലിച്ചിട്ട അധ്യാപകനും അദ്ദേഹത്തെ വകവരുത്തിയവരും ഒരേ ദൗത്യമാണ് നിർവഹിച്ചത്. ഫലമെന്തായിരുന്നു? മതേതരത്വ സംരക്ഷണ നിയമമെന്ന് പേരിട്ട കരിനിയമം കൊണ്ടുവന്നു മാക്രോൺ സർക്കാർ. മുസ്‌ലിംകളുടെ മതവിദ്യാഭ്യാസം, വസ്ത്രം, മതചിഹ്നങ്ങൾ എല്ലാം സ്റ്റേറ്റിന്റെ ഇംഗിതത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം മതവിശ്വാസമാണെന്ന നിർവചനത്തിൽ എത്തിച്ചേരുകയും വൈറ്റ് സൂപ്രമസി അടക്കമുള്ള ഭീകരതകളെ തലോടുകയും ചെയ്യുന്ന അപകടകരമായ സമീപനമാണ് മാക്രോൺ ഭരണകൂടം കൈക്കൊണ്ടത്. ഏറ്റവും വേഗത്തിൽ വളരുന്ന മുസ്‌ലിം സമൂഹം നിലനിന്നിരുന്ന ഫ്രാൻസ് ഇന്ന് ഏറ്റവും അരക്ഷിതമായ മുസ്‌ലിം സമൂഹമുള്ള നാടായിരിക്കുന്നു.

നൂപുറിനെയും ജിൻഡാലിനെയും പുറത്താക്കാൻ ബി ജെ പി സന്നദ്ധമായത് കോർപറേറ്റുകളുടെ സമ്മർദത്തിലാണെന്ന് എല്ലാവർക്കുമറിയാം. കച്ചവടത്തിന്റെയും സാമ്പത്തിക ആശ്രിതത്വത്തിന്റെയും തലത്തിലേ അതിനെ കാണാനാകൂ. എന്നാൽ, ഇത്തരമൊരു കീഴടങ്ങലിന് തയ്യാറാകുമ്പോഴും സംഘ്പരിവാർ നടത്തുന്ന ആഖ്യാനം അപകടകരമാണ്. മുസ്‌ലിമിനെ മറ്റേതോ രാജ്യത്ത് വേരുകളും കൂറുമുള്ള മനുഷ്യനായി അവതരിപ്പിക്കുകയാണ് അവർ. അഥവാ സ്വന്തം രാഷ്ട്രത്തിൽ അവനെ അന്യനാക്കുന്നു. ഈ പ്രചാരണത്തിന് എരിവ് പകരാൻ പ്രവാചകവിരുദ്ധ പരാമർശത്തോടുള്ള അറബ് ലോകത്തിന്റെ പ്രതികരണത്തെ അവർ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തെ വികാരപരമായി നേരിടാൻ വിശ്വാസികൾക്ക് സാധിക്കില്ല. വിവേകമാണ് അവരെ നയിക്കുക. ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്ന അൽഖാഇദയിലല്ല അവരുടെ ആശ്രയം. അപ്പോൾ ചില മഹാബുദ്ധിമാൻമാർ ചോദിക്കും, ഒരു പ്രതികരണവും നടത്താതെ മിണ്ടാതിരിക്കണമെന്നാണോ? അത് ഭീരുത്വമല്ലേ? ഫാസിസ്റ്റ് ഭരണകൂടം തോക്കു ചൂണ്ടിനിൽക്കുന്നത് കാണുന്നില്ലേ? ഒരു ഉത്തരമേയുള്ളൂ. സംയമനവും മധ്യമ മാർഗവും ശാന്തമായ പ്രബോധനവും പ്രാർഥനയും ആത്മവിശ്വാസവും കാലഹരണപ്പെട്ട ആശയങ്ങളല്ല. വിശ്വാസം തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest