aam admi party
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ ലക്ഷ്യം; പുതിയ ദേശീയ എക്‌സിക്യൂട്ടീവ് പ്രഖ്യാപിച്ച് എ എ പി
ബി ജെ പിയേയോ കോണ്‍ഗ്രസിനെപ്പോലെയോ ഒരു പാര്‍ട്ടിയായി എ എ പിയെ ആളുകള്‍ നോക്കിക്കാണാതിരിക്കാനുള്ള പ്രവര്‍ത്തനം പാര്‍ട്ടി കേഡര്‍മാര്‍ നടത്തണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടി പുതിയ ദേശീയ എക്‌സിക്യൂട്ടിവ് പ്രഖ്യാപിച്ചു. എ എ പിയുടെ പത്താം ദേശീയ കൗണ്‍സിലില്‍ 34 അംഗ എക്‌സിക്യൂട്ടിവിന് അനുമതി നല്‍കി. എ എ പി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് ദേശീയ കൗണ്‍സില്‍ ചേര്‍ന്നത്.
ഉടനെ തിരഞ്ഞെടുപ്പ് നടക്കാനുള്ള ഗുജറാത്ത്, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പുതിയ കൗണ്‍സിലില്‍ പ്രാതിനിധ്യമുണ്ട്. മൂന്ന് രാജ്യസഭാ എം പിമാരും ഡല്‍ഹിയിലെ ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ഒഴികെയുള്ള എല്ലാ മന്ത്രിമാരും പുതിയ കൗണ്‍സിലിലുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനം പാര്‍ലിമെന്ററി ലക്ഷ്യങ്ങളോടെ ആയിരിക്കരുതെന്ന് കേജ്രിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബി ജെ പിയേയോ കോണ്‍ഗ്രസിനെപ്പോലെയോ ഒരു പാര്‍ട്ടിയായി എ എ പിയെ ആളുകള്‍ നോക്കിക്കാണാതിരിക്കാനുള്ള പ്രവര്‍ത്തനം പാര്‍ട്ടി കേഡര്‍മാര്‍ നടത്തണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്ത് പാര്‍ട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉടനെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.