Connect with us

Kerala

രാത്രി നടക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി 30 അടി താഴ്ചയുള്ള കുഴിയില്‍ വീണു; രക്ഷകരായി ഫയര്‍ ഫോഴ്‌സ്

വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ റസ്റ്റോറന്റിനോടനുബന്ധിച്ച് മാലിന്യങ്ങള്‍ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്

Published

|

Last Updated

തിരുവനന്തപുരം| രാത്രി നടക്കാനിറങ്ങി തമിഴ്‌നാട് സ്വദേശി 30 അടി താഴ്ചയുള്ള കുഴിയില്‍ വീണു. യുവാവിന് രക്ഷകരായി കേരള ഫയര്‍ഫോഴ്‌സ് എത്തി. വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ റസ്റ്റോറന്റിനോടനുബന്ധിച്ച് മാലിന്യങ്ങള്‍ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. റസ്റ്റോറന്റിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനായ വീരസിംഹം (35) ആണ് കാല്‍ തെറ്റി കുഴിയില്‍ വീണത്. തുടര്‍ന്ന് യുവാവിനെ വിഴിഞ്ഞം ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.

വെളിച്ചക്കുറവുണ്ടായിരുന്ന പ്രദേശത്തായിരുന്നു മൂടിയില്ലാത്ത കുഴിയുണ്ടായിരുന്നത്. രാത്രിയില്‍ നടന്നു പോകുമ്പോള്‍ കാലുതെറ്റി കുഴിയില്‍ വീരസിംഹം അകപ്പെടുകയായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് ജിഎസ്എടിഒ ജസ്റ്റിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ പ്രദീപ് കുഴിയില്‍ ഇറങ്ങി വല, കയര്‍ എന്നിവയുടെ സഹായത്തോടെ യുവാവിനെ മുകളിലെത്തിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു,അന്റു, ഡ്രൈവര്‍ ബിജു, ഹോംഗാര്‍ഡ് സ്റ്റീഫന്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

 

 

Latest