Connect with us

National

തഹാവൂര്‍ റാണ അറസ്റ്റിൽ; തിഹാർ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും

ചോദ്യം ചെയ്യാൻ എൻ ഐ എയുടെ പന്ത്രണ്ടംഗ സംഘം

Published

|

Last Updated

ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണ(64)യെ ഡൽഹിയിലെത്തിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തു.   പ്രത്യേകമയച്ച വ്യോമസേനയുടെ വിമാനത്തിൽ ഉച്ചക്ക് മൂന്നോടെയാണ് ഡല്‍ഹിയിലെ പാലം വ്യോമ താവളത്തില്‍ റാണയെ എത്തിച്ചത്. വൈകിട്ടോടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഇയാളെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ ഐ എ) ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നടപടി ക്രമങ്ങൾക്കു ശേഷം തിഹാർ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.

എൻ ഐ എയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐ ജി, ഒരു ഡി ഐ ജി, ഒരു എസ് പി എന്നിവരടാണ് സംഘത്തിലുള്ളത്. റാണയെ രാജ്യത്തെത്തിക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു ഡൽഹി. വൻ സുരക്ഷാ സന്നാഹമാണ് വിമാനത്താവളത്തിലും പരിസരത്തും എൻ ഐ എ ആസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്.

2019ലാണ് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യു എസ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീം കോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.

ഡൊണള്‍ഡ് ട്രംപ്- നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഇയാളെ കൈമാറുന്ന വിഷയം ചര്‍ച്ചയായിരുന്നു ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ അമേരിക്കയിലെ വിവിധ കോടതികളില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറില്‍ റാണ അമേരിക്കന്‍ സുപ്രീം കോടതിയെ സമീപിച്ചു.

2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യു എസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

 

---- facebook comment plugin here -----

Latest