International
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ റിയാദ് വിമാനത്താവള ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സിറിയയിലെ സംഘര്‍ഷങ്ങളില്‍ നിന്ന് പലായനം ചെയ്ത് കഴിഞ്ഞ നാല് വര്‍ഷമായി സൗദി അറേബ്യയില്‍ താമസിച്ചു വരികയായിരുന്നു
റിയാദ് | സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയില്‍ ജീവിതം നയിക്കുന്നതിനിടയിലാണ് ബുഥൈന അഹ്മദ് ഒവൈദ എന്ന സിറിയന്‍ മാതാവ് റിയാദ് വിമാനത്താവള ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സിറിയയിലെ സംഘര്‍ഷങ്ങളില്‍ നിന്ന് പലായനം ചെയ്ത് കഴിഞ്ഞ നാല് വര്‍ഷമായി സൗദി അറേബ്യയില്‍ താമസിച്ചു വരികയായിരുന്ന അവര്‍ ഒക്ടോബര്‍ 10ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
സിറിയയിലെ വടക്കന്‍ പ്രവിശ്യയായ ഇദ്ലിബ് സ്വദേശിയായ ഒവൈദ, പരുക്കേറ്റ സഹോദരീപുത്രനെ പരിചരിക്കാന്‍ സഹായിക്കാനാണ് റിയാദില്‍ പോയിരുന്നത്. അവിടെ നിന്ന് മക്കയിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. വിമാനത്താവളത്തില്‍ വെച്ച് സഹോദരീപുത്രന് അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് കോള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. അപ്പോള്‍ അവര്‍ വിമാനത്തില്‍ കയറാന്‍ പോവുകയാണെന്നാണ് ഞങ്ങള്‍ കരുതിയതെന്ന് സഹോദരി പുത്രന് ഹയാത്ത് പറഞ്ഞു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ മക്കയില്‍ അവള് ഒറ്റക്ക് താമസിച്ചിരുന്ന സ്ഥലത്തെ അയല്‍വാസികളുമായി ബന്ധപ്പെടുകയും അടിയന്തര സഹായ സേവനങ്ങളെ സമീപിക്കുകയും ചെയ്തു. രാവിലെ പത്ത് മണിയോടെ അവള് മരിച്ചതായി കുടുംബത്തിന് സ്ഥിരീകരണം ലഭിച്ചു. സിറിയയില്‍ ഇറാനിയന്‍ ബോംബാക്രമണങ്ങള്‍ തങ്ങളെ തളര്ത്തിക്കളഞ്ഞതിനാലാണ് ഒവൈദയെ ജന്മനാട്ടില് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് ഹയാത്ത് പറഞ്ഞു.





