Kerala
എം എല്‍ എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു; ബില്ലിന് മന്ത്രിസഭ അംഗീകാരം
ഇതുസംബന്ധിച്ച ബില്‍ നാളെ നിയമസഭ പാസാക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. എം എല്‍ എമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയില്‍ നിന്ന് 98,000 രൂപയായും മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷം രൂപയായാണ് വര്‍ധിക്കുക. ഇതുസംബന്ധിച്ച ബില്‍ നാളെ നിയമസഭ പാസാക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ കേരളത്തിലെ എം എല്‍ എക്ക് ശമ്പളവും വിവിധ അലവന്‍സുകളും ഉള്‍പ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയില്‍ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവന്‍സുകളും ഉള്‍പ്പെടെ പ്രതിമാസം 97,000 രൂപ ലഭിക്കും.
2018 ലാണ് എം എല്‍ എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. ശമ്പളം കൂട്ടാനുള്ള പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താല്‍ മുപ്പത് ശതമാനത്തിലേറെ വര്‍ധനയുണ്ടായേക്കും. നിലവിലെ ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ ഉയര്‍ത്താമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. നിലവില്‍ ശമ്പളം എന്ന പേരില്‍ നിലവില്‍ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവന്‍സ് 2,000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവന്‍സായി 25,000 രൂപ, ഫോണ്‍ വാടക 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ, സത്കാരത്തിനുളള അലവന്‍സ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും. അങ്ങനെ ആകെ അലവന്‍സുകള്‍ കൂട്ടി വരുമ്പോള്‍ പ്രതിമാസം എം എല്‍ എക്ക് കിട്ടുന്ന അലവന്‍സ് 70,000 രൂപയാണ്.
എം എല്‍ എമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നടപടി ധൂര്‍ത്താണെന്നായിരുന്നു വിമര്‍ശനം. കോടികള്‍ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തില്‍ അടക്കം പ്രതിപക്ഷത്തും മൗനം തുടരുകയാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് കുത്തനെ ഉയര്‍ത്തിയ പി എസ് സി അംഗങ്ങളുടെ അനുകൂല്യങ്ങളില്‍ തൊടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും ചര്‍ച്ചയാകുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം പി എസ് സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
Content Highlights: The Kerala Cabinet approved a bill to increase the monthly allowances of MLAs and ministers. MLA allowances will rise from 70,000 to 98,000 rupees, while minister allowances increase to 1.33 lakh rupees. The bill is set to be passed in the Legislative Assembly amid debate over government spending.



