Kerala
കോവളത്തെ സ്പാ പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
നേരത്തെ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം| കോവളത്തെ സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശിനി മായയാണ് അറസ്റ്റിലായത്. സ്പാ നടത്തിപ്പില്‍ മായക്കും പങ്കാളിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നഗരൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് മായ. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലിക്കെന്ന പേരില്‍ സ്പാകളില്‍ എത്തിച്ച മാതൃസഹോദരിയെയും ഭര്‍ത്താവിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പോലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭര്‍ത്താവുമാണ് ഏറ്റെടുത്തിരുന്നത്. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു. മാതൃസഹോദരി നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് ഷെല്‍ട്ടറിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ദീര്‍ഘകാലമായി താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
Content Highlights: Police arrested one more person in the Kovalam spa assault case. Temporary health inspector Maya was taken into custody for her involvement in running the spa. The total number of arrests in the case has reached six. The investigation revealed that the minor girl faced abuse across three spas.




