Kerala
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്; സ്വർണജേതാവിനെ അയോഗ്യനാക്കി, 400 മീറ്ററില്‍ പുതിയ വിജയി
പ്രായം മറച്ചുവച്ചാണ് വിദ്യാർഥി മത്സരത്തിൽ പങ്കെടുത്തതെന്ന് എല്ലുപരിശോധനയിൽ കണ്ടെത്തിയിരുന്നു.
കോഴിക്കോട്| സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയെ അയോഗ്യനാക്കി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥിക്കെതിരെയാണ് നടപടി. ഇതോടെ 400 മീറ്റർ സബ്ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയ ഇടുക്കിയുടെ സോബിൻ കെ സെബാസ്റ്റ്യനെ പുതിയ ജേതാവായി പ്രഖ്യാപിച്ചു.
പ്രായം മറച്ചുവച്ചാണ് വിദ്യാർഥി മത്സരത്തിൽ പങ്കെടുത്തതെന്ന് എല്ലുപരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിക്ക് 15 മുതൽ 18 വയസ്സ് വരെ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ. സബ്ജൂനിയർ വിഭാഗത്തിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് മത്സരിക്കാൻ അർഹത.
അതേസമയം, ഔദ്യോഗിക പരിശോധനാഫലം എതിരാണെങ്കിൽ കോടതിയെ സമീപിച്ച് തെളിയിക്കുമെന്നാണ് കോരുത്തോട് സ്കൂൾ അധികൃതരുടെ നിലപാട്. ജനന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കൈവശമുണ്ടെന്നും പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രായത്തട്ടിപ്പ് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ കായികാധ്യാപിക ഷിബി പ്രതികരിച്ചു. പ്രായം മറച്ചുവച്ച് മത്സരിച്ച വിദ്യാർഥി 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. 100 മീറ്റർ ഹീറ്റ്സിലും താരം മത്സരിച്ചിരുന്നു. എന്നാൽ, പ്രായത്തട്ടിപ്പ് കണ്ടെത്തിയതോടെ 100 മീറ്റർ ഫൈനലിലും വിദ്യാർഥിയെ മത്സരിപ്പിക്കില്ല.
Content Highlights: A student representing Kottayam Koruthode school was disqualified for age fraud in the Kerala State School Sports Meet. A bone test conducted at Kozhikode Medical College revealed the student’s age was between 15 and 18. Idukki’s Sobin K Sebastian was declared the new winner in the Sub Junior 400m.




