Connect with us

Kerala

കടുത്ത രാഷ്ട്രീയ വിരോധം കാരണം ചിലര്‍ കായിക മേളയെ മോശമാക്കാന്‍ ശ്രമിക്കുന്നു: മന്ത്രി എന്‍ ഷംസുദ്ദീന്‍

ഇന്ന് ഒരു അധ്യാപകന്‍ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടിരുന്നു എന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ചിലയാളുകള്‍ കടുത്ത രാഷ്ട്രീയ വിരോധം കാരണം കായിക മേളയെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. ഇന്നലെ മേളക്കിടയില്‍ ഭക്ഷണത്തില്‍ പുഴു നാടകം നടത്തി. പരിശോധിച്ചപ്പോള്‍ പുഴുവിനെ കണ്ടില്ല. ഇന്ന് ഒരു അധ്യാപകന്‍ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകള്‍ കണ്ടിരുന്നു എന്നും മന്ത്രി പറഞ്ഞു.

നാലു മണിക്കൂര്‍ തിളച്ച സാമ്പാറില്‍ ആണ് ജീവനുള്ള പുഴു. ആവിയില്‍ വെന്ത പുട്ടിലും പുഴു. നടന്നത് നാടകമാണെന്നും വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള തിരക്കഥയ്ക്കു പുറകില്‍ ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നും മന്ത്രി ആരോപിച്ചു. പോലീസ് ഇതിന്റെ ഗൂഢാലോചന അന്വേഷിക്കണം.

പുഴുവിനെ കണ്ടെത്തിയ ആളുടെ അട്ടഹാസം നമ്മള്‍ കണ്ടു. പത്തുകൊല്ലം ആയിട്ട് അദ്ദേഹം ഇതു കണ്ടെത്തിയില്ല. അധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുമെന്നും അറിയിച്ചു. അദ്ധ്യാപകന്‍ എറണാകുളം ജില്ലക്കാരന്‍ ആണ്. അധ്യാപക സംഘടനയുടെ ഭാരവാഹി ആണോ എന്ന് പരിശോധിക്കുമെന്നും രാഷ്ട്രീയ താത്പര്യം ഉണ്ടെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നിലുള്ള ആളുകള്‍ ഇതെല്ലാം അവസാനിപ്പിക്കണം. ഇനിയും മേളകള്‍ നടക്കാനുണ്ട്. ഇങ്ങനെയുള്ള ശ്രമങ്ങള്‍ നടത്തരുത്. മേള നടക്കുമ്പോള്‍ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതുകൊണ്ടൊന്നും മേളകളുടെ പൊലിമ തകര്‍ക്കാന്‍ കഴിയില്ല. ഇത്തവണയും പഴയിടം ഭക്ഷണം കേമമാക്കിയെന്നും മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Content Highlights:Education Minister N Shamsudheen alleged a political conspiracy to defame the Kerala State School Sports Meet in Kozhikode using fake claims about worms in food. He stated that workers saw a teacher staging the incident and demanded a police investigation into the conspiracy.

Latest