Kerala
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകും

ന്യൂഡല്‍ഹി | യെമനിലെ ജയിലില്‍ കഴിയുന്ന മലായാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ മറുപടി ബോധിപ്പിക്കനും. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള മാര്‍ഗമാണ് ആരായുന്നത്.
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വധശിക്ഷ മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സിലിനു വേണ്ടി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്.