National
കരൂര്‍ ദുരന്തബാധിതര്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഇരകളുടെ കുടുംബത്തിന് കൈത്താങ്ങാകാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷണം.
ന്യൂഡല്‍ഹി|ടിവികെയുടെ പൊതുയോഗത്തിനിടെ കരൂര്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാരും മറ്റുള്ളവരും സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണ്ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
ജൂലൈ 27നാണ് കരൂര്‍ ദുരന്തബാധിതര്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ആശ്രിത നിയമനം കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ഇത്തരം പ്രത്യേക ഉത്തരവുകള്‍ ഭാവിയില്‍ സമാന ആവശ്യങ്ങളുമായി വലിയൊരു വിഭാഗം ആളുകള്‍ കോടതിയെ സമീപിക്കാന്‍ വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഈ ഉത്തരവിനാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ സ്റ്റേ ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല വിധി വിജയ് സര്‍ക്കാറിന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
Content Highlights:
The Supreme Court stayed the Madras HC order cancelling government jobs for TVK Karur stampede victims’ families. The HC had previously ruled the job order unconstitutional. This interim stay provides significant relief to the Tamil Nadu government.



