National
ഭരണഘടനയുടെ അനുച്ഛേദം 227: മേല്‍നോട്ട അധികാരമുപയോഗിച്ച് ഹൈക്കോടതികള്‍ അപ്പീല്‍ കോടതിയെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി
കീഴ്ക്കോടതികളോ ട്രിബ്യൂണലുകളോ വസ്തുതകള്‍ വിശദമായി പരിശോധിച്ച് എടുക്കുന്ന യുക്തിസഹമായ തീരുമാനങ്ങളില്‍ ഇടപെടാനോ, അവയ്ക്കു പകരം സ്വന്തം നിഗമനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ ഈ അധികാരം ഉപയോഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു
ന്യൂഡല്‍ഹി | ഭരണഘടനയുടെ അനുച്ഛേദം 227 പ്രകാരമുള്ള മേല്‍നോട്ട അധികാരം പ്രയോഗിക്കുമ്പോള്‍ ഹൈക്കോടതികള്‍ അപ്പീല്‍ കോടതിയെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി. കീഴ്ക്കോടതികളോ ട്രിബ്യൂണലുകളോ വസ്തുതകള്‍ വിശദമായി പരിശോധിച്ച് എടുക്കുന്ന യുക്തിസഹമായ തീരുമാനങ്ങളില്‍ ഇടപെടാനോ, അവയ്ക്കു പകരം സ്വന്തം നിഗമനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ ഈ അധികാരം ഉപയോഗിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് പമിഡിഘണ്ടം ശ്രീ നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുതകള്‍ വിശദമായി വിലയിരുത്തി ചാരിറ്റി കമ്മീഷണര്‍ എടുത്ത തീരുമാനത്തില്‍ ഇടപെട്ട ബോംബെ ഹൈക്കോടതിയുടെ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെ വിധി എഴുതിയത്. അനുച്ഛേദം 227 പ്രകാരമുള്ള ഹൈക്കോടതിയുടെ അധികാരം മേല്‍നോട്ടത്തിന് മാത്രമുള്ളതാണന്നും മറിച്ച് അതൊരു അപ്പീല്‍ അധികാരമോ ഒറിജിനല്‍ അധികാരമോ അല്ല. വിശദമായ വസ്തുതാ പരിശോധനയിലൂടെ എടുത്ത യുക്തിസഹമായ തീരുമാനങ്ങളെ മേല്‍നോട്ട അധികാരമുപയോഗിച്ച് തിരുത്താന്‍ ശ്രമിക്കരുത്. ഇത്തരം അസാധാരണ അധികാരങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ വിനിയോഗിക്കാവൂ.
മഹാരാഷ്ട്രയിലെ താനെയിലുള്ള രത്തന്‍ഷി പ്രേംജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ട് ഭൂമികള്‍ വില്‍ക്കാന്‍ 1950ലെ മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ട് സെക്ഷന്‍ 36(1)(എ) പ്രകാരം ചാരിറ്റി കമ്മീഷണര്‍ നല്‍കിയ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കയ്യേറ്റം, ഭൂപ്രകൃതിയിലെ ബുദ്ധിമുട്ടുകള്‍, വ്യവഹാരങ്ങള്‍ എന്നിവ കാരണം ഭൂമി സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് പരസ്യ നോട്ടീസ് നല്‍കി ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത ഡെസ്റ്റിനി റിയല്‍പ്രോ ഡെവലപ്പേഴ്‌സ് എല്‍ എല്‍ പി ക്ക് ഭൂമി വില്‍ക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. എന്നാല്‍, മൂല്യനിര്‍ണയ റിപ്പോര്‍ട്ടുകള്‍ ശരിയായി പരിശോധിച്ചില്ലെന്ന് കാണിച്ച് ഹൈക്കോടതി ഇടപാട് റദ്ദാക്കുകയായിരുന്നു. നിയമപ്രകാരം ട്രസ്റ്റിന്റെ താത്പര്യവും സംരക്ഷണവും ബോധ്യപ്പെട്ടാണ് ചാരിറ്റി കമ്മീഷണര്‍ അനുമതി നല്‍കിയതെന്നും ഇതില്‍ വിചാരണയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, ചാരിറ്റി കമ്മീഷണറുടെ ഉത്തരവും ഭൂമിയുടെ രജിസ്റ്റര്‍ ചെയ്ത രേഖകളും പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചു.




