Kerala
രാഷ്ട്രീയം ആശയത്തിന്റേത്; കൊലപാതകത്തിന്റേതല്ല: ബിനോയ് വിശ്വം
കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. മനുഷ്യസ്നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം.
കൊച്ചി | രാഷ്ട്രീയം ആശയത്തിന്റേതാണെന്നും കൊലപാതകത്തിന്റേതല്ലെന്നും സി പി ഐ. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ലെന്നും കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി പി എം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സി പി ഐ കാണുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. അതിന്റെ വഴി സ്നേഹത്തിന്റെ വഴിയാണ്. മനുഷ്യസ്നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം. അതാണ് സി പി ഐയുടെ ബോധ്യമെന്നും സി പി ഐ സെക്രട്ടറി പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു മധുസൂദനന്റെ വിവാദ പ്രസംഗം. ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ഇത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്ന് കോടതി വിധിയെ പരാമര്‍ശിച്ചു കൊണ്ട് ടി ഐ മധുസൂദനന്റെ പറഞ്ഞു.
ചീമേനിയില്‍ സി പി എം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും മധുസൂദനന് ഭീഷണി മുഴക്കി. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Binoy Viswam stated that politics is rooted in ideology and not in murder or violence. He emphasized democratic debate and condemned political killings in public life. The remark draws attention to ongoing discussions on political violence in Kerala.
‘


