Connect with us

National

ഡല്‍ഹിയില്‍ ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

നവംബര്‍ 9 മുതല്‍ പടക്കങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം വീണ്ടും നിലവില്‍ വരുമെന്നും കോടതി അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ നവംബര്‍ 7, 8 തീയതികളില്‍ ഹരിത പടക്കങ്ങഴള്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഡല്‍ഹിയുടെ മലിനീകരണ പ്രശ്‌നത്തിന് പടക്കങ്ങളുടെ പൂര്‍ണ്ണമായ നിരോധനം മാത്രമാണ് പരിഹാരമെന്ന് തീരുമാനിക്കാന്‍ മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. അതേ സമയം നവംബര്‍ 9 മുതല്‍ പടക്കങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം വീണ്ടും നിലവില്‍ വരുമെന്നും കോടതി അറിയിച്ചു.

ദീപാവലിക്ക് തലേദിവസവും ദീപാവലി ദിവസവുമായി വരുന്ന ഈ രണ്ട് ദിവസങ്ങളിലും രാവിലെ ആറ് മുതല്‍ ഏഴ് വരെയും , രാത്രി എട്ട് മുതല്‍ പത്ത് വരെയും പടക്കങ്ങള്‍ പൊട്ടിക്കാനാണ് അനുമതിയെന്നും കോടതി വ്യക്തമാക്കി. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍,ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, മറ്റ് നിശബ്ദതാ മേഖലകള്‍ എന്നിവയുടെ 300 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ അനുവാദമില്ല. ഈ പ്രദേശങ്ങള്‍ പടക്കനിരോധന മേഖലകള്‍ ആയി പ്രഖ്യാപിക്കുകയും, നിലത്തു പ്രത്യേകം അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.

എന്താണ് ഗ്രീന്‍ ക്രാക്കറുകള്‍?
സിഎസ്‌ഐആര്‍-നീരി (CSIR-NEERI – National Environmental Engineering Research Institute) വികസിപ്പിച്ചെടുത്ത ഹരിത പടക്കങ്ങള്‍, സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ മലിനീകരണമേ ഉണ്ടാക്കൂ എന്നാണ് അവകാശപ്പെടുന്നത്. ഇവയില്‍ ബേറിയം, അലുമിനിയം തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറവായിരിക്കും. കൂടാതെ പൊടിയും പുകയും കുറയ്ക്കുന്ന പ്രത്യേക വസ്തുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഹരിത പടക്കങ്ങള്‍ കുറഞ്ഞ ശബ്ദമുണ്ടാക്കുകയും, നിയന്ത്രിത ജ്വാലയോടെ കുറഞ്ഞ സമയം മാത്രം കത്തുകയും ചെയ്യുമെന്നും പറയപ്പെടുന്നു.

 

ഹരിത പടക്കങ്ങള്‍ വില്‍ക്കുന്നതിനായി ഡല്‍ഹി-എന്‍സിആറിന് ചുറ്റുമുള്ള ജില്ലാ കലക്ടര്‍മാരും കമ്മീഷണര്‍മാരും എസ്പിമാരുമായി ആലോചിച്ച് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വാങ്ങുന്നവരില്‍ അവബോധം വളര്‍ത്തുന്നതിനായി നിശ്ചിത വില്‍പ്പന കേന്ദ്രങ്ങളിലും കടകളിലും ബാനറുകള്‍ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സിഎസ്‌ഐആര്‍-നീരി (CSIR-NEERI) അംഗീകൃത ഹരിത പടക്കങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന് ഈ ബാനറുകളില്‍ വിശദീകരിച്ചിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

Content Highlights: Supreme Court allows green crackers in Delhi for Diwali on November 7 and 8 within specified hours. The court stated that insufficient data exists to justify a complete ban as the sole solution for pollution. Complete ban resumes on November 9, with strict silent zone restrictions.

Latest