Kerala
കരിപ്പൂരില്‍ സ്വര്‍ണം കടത്തുകയായിരുന്ന യുവതിയേയും കൈപ്പറ്റാനെത്തിയ സഹായിയേയും ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമം; ഒടുവില്‍ എല്ലാവരും പോലീസ് പിടിയില്‍
ഇവരില്‍നിന്ന് 817 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് 1.1 കോടിയിലേറെ രൂപ വിലവരും
കരിപ്പൂര്‍ | കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുകയായിരുന്ന യുവതിയില്‍ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെയും സ്വര്‍ണം കടത്തിയ സംഘത്തെയും പോലീസ് പിടികൂടി. വിദേശത്തുനിന്ന് സ്വര്‍ണവുമായെത്തിയ യുവതിയെയും ഇത് കൈപ്പറ്റാനെത്തിയ സഹായിയെയും കസ്റ്റഡിയിലെടുത്ത പോലീസ്, സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 817 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് 1.1 കോടിയിലേറെ രൂപ വിലവരും
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ വിമാനത്താവളത്തിലെ ആഗമന ടെര്‍മിനല്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. വിദേശത്തുനിന്നെത്തിയ ഇടുക്കി വണ്ടന്മേട് സ്വദേശി അഭിരാമി (27) എന്ന യുവതിയെ ഒരു സംഘം ആളുകള്‍ പിന്തുടരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് യുവതിയെ സ്വീകരിക്കാനെത്തിയ എറണാകുളം സ്വദേശി ഹര്ഷലിനൊപ്പം ഇവര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
യുവതിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ ഹര്‍ഷലും അക്രമിസംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കുതിച്ചെത്തി അക്രമികളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസിന് നേരെയും സംഘം അക്രമം അഴിച്ചുവിട്ടു. അക്രമികളില്‍ ഒരാള്‍ മുരളീകൃഷ്ണന് എന്ന ഹോം ഗാര്‍ഡിന്റെ കൈയില്‍ കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ചു.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ക്വട്ടേഷന്‍ സംഘം ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ ശ്രമിച്ച പോലീസ് സ്പെഷ്യല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥന് നേരെ അക്രമികള്‍ വാഹനം ഓടിച്ചുകയറ്റി അപായപ്പെടുത്താനും ശ്രമിച്ചു. ഉദ്യോഗസ്ഥന് റോഡരികിലേക്ക് ചാടിമാറിയാണ് രക്ഷപ്പെട്ടത്
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാദാപുരം കല്ലാച്ചി സ്വദേശികളായ സയന്ത് (28), ബബിലേഷ് (40) എന്നിവര്‍ പിടിയിലായത്. ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘത്തിന്റെ ലക്ഷ്യം യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു പ്രതിക്ക് മുന്‍പ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ടിരുന്നതായും വിവരമുണ്ട്.
അഭിരാമിയുടെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 14 സ്വര്‍ണപ്പാളികളാണ് പോലീസ് പിടിച്ചെടുത്തത്. താമരശ്ശേരി സ്വദേശി സ്വാലിഹ് എന്നയാളാണ് തനിക്ക് സ്വര്‍ണം കൈമാറിയതെന്നാണ് അഭിരാമിയുടെ പ്രാഥമിക മൊഴി.
സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹര്ഷലില്നിന്ന് അഭിരാമിക്ക് പ്രതിഫലമായി നല്കാന് കൊണ്ടുവന്ന 67,000 രൂപയും ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Police arrested a quotation gang and smugglers at Karipur airport after an attempt to steal 817 grams of gold worth over 1 crore. The gold was cleverly concealed inside an emergency lamp brought by a passenger from abroad. Authorities seized the contraband along with vehicles and cash, while investigating further links.




