Connect with us

National

പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് സൂപ്രണ്ട്; സഞ്ജയ് റാവത്തിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഉദ്ധവിന് അനുമതിയില്ല

എല്ലാ പ്രതികളെയും സന്ദര്‍ശിക്കുന്നതു പോലെ മാത്രമേ സഞ്ജയ് റാവത്തിന്റെ കാര്യത്തിലും ചെയ്യാനാവൂ എന്നും കോടതി ഉത്തരവ് നിര്‍ബന്ധമാണെന്നും സൂപ്രണ്ട്.

Published

|

Last Updated

മുംബൈ | പാത്രചൗള്‍ ഭൂമി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെ കാണാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. എല്ലാ പ്രതികളെയും സന്ദര്‍ശിക്കുന്നതു പോലെ മാത്രമേ സഞ്ജയ് റാവത്തിന്റെ കാര്യത്തിലും ചെയ്യാനാവൂ എന്നും കോടതി ഉത്തരവ് നിര്‍ബന്ധമാണെന്നുമുള്ള മറുപടിയാണ് സന്ദര്‍ശനാനുമതി തേടിയപ്പോള്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്.

ഉദ്ധവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ശിവസേനാ നേതാവാണ് റാവത്തുമായുള്ള കൂടിക്കാഴ്ചക്ക് ഉദ്ധവിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതരെ സമീപിച്ചത്. എന്നാല്‍ റാവത്തിനോ ഉദ്ധവിനോ പ്രത്യേകം പരിഗണനയൊന്നും നല്‍കാനാവില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചത്.

ആഗസ്റ്റ് ഒന്നിനാണ് ഭൂമി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണനക്കെടുത്ത കോടതി റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ 19 വരെ നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

 

Latest