Ongoing News
ടി 20യില്‍ സൂര്യജ്വലനം തുടരുന്നു; ഒന്നാം സ്ഥാനം നിലനിര്‍ത്തി
രണ്ടാം സ്ഥാനത്തുള്ള പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെക്കാള്‍ 70 പോയിന്റിന്റെ വന്‍ വ്യത്യാസത്തിലാണ് സൂര്യ പ്രഥമ സ്ഥാനത്തു തുടരുന്നത്.

ദുബൈ | ഐ സി സി ടി 20 റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. രണ്ടാം സ്ഥാനത്തുള്ള പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെക്കാള്‍ 70 പോയിന്റിന്റെ വന്‍ വ്യത്യാസത്തിലാണ് സൂര്യ പ്രഥമ സ്ഥാനത്തു തുടരുന്നത്. സൂര്യകുമാര്‍ യാദവിന് 906ഉം രിസ്വാന് 836ഉം പോയിന്റാണുള്ളത്.
ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും പോയിന്റ് നിലയില്‍ വലിയ മുന്നേറ്റം നടത്തി. 168 പേരെ മറികടന്ന് ഗില്‍ 30ാം റാങ്കിലേക്ക് കുതിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ സെഞ്ച്വറിയാണ് ഗില്ലിന് തുണയായത്. ഏകദിന റാങ്കിങില്‍ ഗില്ലിന് ആറാം സ്ഥാനമുണ്ട്.
എന്നാല്‍, ബോളിങ് റാങ്കിങിലെ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനു പോലും ഇടം നേടാനായില്ല. അര്‍ഷദീപ് സിങാണ് ഇന്ത്യന്‍ പന്തേറുകാരില്‍ മുമ്പില്‍ നില്‍ക്കുന്നത്. 13ാം സ്ഥാനമാണ് അര്‍ഷദീപിനുള്ളത്. റാഷിദ് ഖാനാണ് ഒന്നാമത്. ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തു നിന്നാണ് പാണ്ഡ്യ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ബംഗ്ലാദേശ് താരം ശാകിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമതുള്ളത്.