Kerala
ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കും: കവി സച്ചിദാനന്ദന്‍
രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്
കോഴിക്കോട് | ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുരബലമാക്കുമെന്ന നിലപാട് വ്യക്തമാക്കി കവിയും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. തുടര്‍ഭരണം നല്ലതല്ല. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.
തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികള്‍ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാല്‍ വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും. അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്. അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ആദര്‍ശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാള്‍ വലുതാക്കി കാണിക്കുന്നു. ഇത് പാര്‍ട്ടിയ്ക്ക് നല്ലതല്ല. വര്‍ഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ട്. ഇത് മറന്നുപോകുന്നു.
സച്ചിദാനന്ദന്‍ ഉള്‍പ്പടെ ഉള്ളവരുടെ വിമര്‍ശനം ഉള്‍കൊണ്ട് മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഭരണ തുടര്‍ച്ചയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പ്രതികരിച്ചു. പ്രതിപക്ഷം ഉയര്‍ത്തുന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവനയാണ് കെ സച്ചിദാനന്ദന്റേതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സി പി എമ്മിന് ഉണ്ടായ അപചയമാണ് സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.




