Malappuram
ധര്‍മവിദ്യാര്‍ത്ഥി സംഘത്തിന് ശക്തി പകരുക: ഖലീല്‍ തങ്ങള്‍
എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് ദിനം വെള്ളിയാഴ്ച
മലപ്പുറം | എസ് എസ് എഫ് പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന്റെ ജില്ലാ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി മലപ്പുറത്ത് നിര്‍വഹിച്ചു. ഫെബ്രുവരി 20 ന് വെള്ളിയാഴ്ച നടക്കുന്ന പ്രവര്‍ത്തന ഫണ്ട് ദിനം വിജയിപ്പിക്കണമെന്ന് ഖലീല്‍ തങ്ങള്‍ ആഹ്വാനം ചെയ്തു.
എസ് എസ് എഫ് ഇന്ന് രാജ്യത്തിനകത്തും പുറത്തും വ്യാപനം നേടിയിരിക്കുന്നു.വിദ്യാഭ്യാസ, ജീവകാരുണ്യ, ആത്മീയ, സാംസ്‌കാരിക മേഖലകളില്‍ കാമ്പസുകളിലും വിദ്യാലയങ്ങളിലും
ഗ്രാമങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കരുത്തു പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംഘടനക്ക് മുമ്പില്‍ വൈവിധ്യങ്ങളായ പ്രൊജക്ടുകളുണ്ട്. റമളാന്‍ മാസത്തില്‍ ദാന ധര്‍മങ്ങള്‍ക്കായി മാറ്റിവെച്ച നിങ്ങളുടെ ജീവിത അധ്വാനത്തിന്റെ മൂല്യമേറിയ വിഹിതങ്ങള്‍ ഈ വലിയ നന്മ സംഘത്തിന് വേണ്ടി കരുതി വെക്കണമെന്ന് എസ് എസ് എഫ് ജില്ല ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ജില്ല ജന. സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ്, ഫിനാന്‍സ് സെക്രട്ടറി എന്‍ ഉനൈസ് സഖാഫി, ടിപ്പു സുല്‍ത്താന്‍ അദനി എന്നിവര്‍ ചേര്‍ന്ന് ഫണ്ട് സ്വീകരിച്ചു. ഡിവിഷന്‍, സെക്ടര്‍ , യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം , എസ് എം എ നേതാക്കള്‍ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കും. വീടുകള്‍, കവലകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തുക.
കാമ്പയിന്റെ ഭാഗമായി കാമ്പസുകളില്‍ റമളാന്‍ ദര്‍സ്, റമളാന്‍ റിഫ്‌ളക്ഷന്‍, ഗ്രാന്‍ഡ് ഇഫ്താര്‍, അത്താഴ വിതരണം, ഇഅ്ത്വികാഫ് ജല്‍സ, ഹയര്‍ സെക്കണ്ടറി ഇഫ്ത്വാര്‍, യൂണിറ്റുകളില്‍ സ്‌മൈല്‍ കേരള അജുവാ പൂന്തോപ്പ്, റമളാന്‍ ദര്‍സ്, സെക്ടറുകളില്‍ കാരക്കച്ചീന്ത്, തുടങ്ങിയ വിവിധ പദ്ധതികള്‍ എസ് എസ് എഫിന്റെ വിവിധ ഘടകങ്ങളിലായി നടക്കും



