Kerala
സംഘ്പരിവാര്‍ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ; തദ്ദേശ വകുപ്പിന്റെ നടപടി മരവിപ്പിച്ച് മന്ത്രി
വഴിക്കടവ് പഞ്ചായത്തിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും മികച്ച അഭിഭാഷകനെ നിയമിക്കണമെന്ന നിര്‍ദേശം തദ്ദേശ വകുപ്പ് പഞ്ചായത്തിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി.

തിരുവനന്തപുരം | സംഘ്പരിവാര്‍ അനുകൂലിയായ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജിനെ വഴിക്കടവ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ഭരണസമിതി തീരുമാനം സ്റ്റേ ചെയ്ത തദ്ദേശ വകുപ്പിന്റെ നടപടി മരവിപ്പിച്ചു. തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മന്ത്രി എം ബി രാജേഷാണ് മരവിപ്പിച്ചത്. കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് പഞ്ചായത്തിന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മികച്ച അഭിഭാഷകനെ നിയമിക്കണമെന്ന നിര്‍ദേശം തദ്ദേശ വകുപ്പ് പഞ്ചായത്തിന് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, പഞ്ചായത്ത് നടപടി സ്റ്റേ ചെയ്ത ഉത്തരവ് ഉദ്യോഗസ്ഥ തലത്തില്‍ ഇറക്കിയതാണെന്നും ഇത്തരം ഫയലുകള്‍ മന്ത്രി കാണേണ്ടതില്ലെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ കടിച്ചതുതന്നെ വിഷം ഇറക്കണം. അതിനുള്ള നിര്‍ദേശമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
മുസ്ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണ് ഹൈക്കോടതിയില്‍ ഭരണസമിതിയുടെ അഭിഭാഷകനായി സംഘ്പരിവാര്‍ അനുകൂലിയും തീവ്ര ഹിന്ദുത്വ നിലപാടുകാരനുമായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത്. ഇത് വിവാദമായതോടെ തീരുമാനം റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് സംഘ്പരിവാറുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യന്‍, മുസ്‌ലിം മതങ്ങള്‍ക്കെതിരെ പലതവണ തീവ്ര വര്‍ഗീയ വിദ്വേഷ നിലപാട് സ്വീകരിച്ച കൃഷ്ണരാജ്, കെ എസ് ആര്‍ ടി സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതില്‍ കേസും നേരിട്ടിരുന്നു.