Connect with us

സാഹിത്യം

സാർവത്രിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടുകൾ

പാശ്ചാത്യ, പൗരസ്ത്യ സംസ്കാരപഥങ്ങൾക്കിടയിൽ മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും പാലങ്ങൾ നിർമിച്ചുകൊണ്ട് ലോകത്തിനു മാതൃകയായ എഴുത്തുകാരിയാണ് പേൾ എസ് ബക്ക്. പ്രാപഞ്ചികമായൊരു മാനവികതാവാദം ജീവിതാന്ത്യം വരെ മുറുകെ പിടിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ നന്മയും സവിശേഷതയും. ഇന്ന്, അസഹിഷ്ണുതയും അപരവിദ്വേഷവും ഒപ്പം മറ്റനേകം സാമൂഹ്യതിന്മകളും മനുഷ്യമനസ്സിനെ മഥിക്കുമ്പോൾ സാർവത്രിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടുകൾ ലോകത്തിനു സമ്മാനിച്ച പേൾ എസ് ബക്കിനെപ്പോലെയുള്ള എഴുത്തുകാരെ അനുസ്മരിക്കേണ്ടതും അവരുടെ രചനകളിലൂടെ ഒരിക്കൽക്കൂടി സഞ്ചരിക്കേണ്ടതും കാലത്തിന്റെ അനിവാര്യതയാകുന്നു.

Published

|

Last Updated

വിഖ്യാത അമേരിക്കൻ എഴുത്തുകാരി പേൾ എസ് ബക്ക് മലയാളികൾക്കിടയിൽ സുപരിചിതയായത് അവരുടെ മാസ്റ്റർപീസ് ആയ “The Good Earth’ എന്ന നോവലിന്റെ മലയാള പരിഭാഷയിലൂടെയാണ്. സാഹിത്യ നൊബേൽ നേടിയ ആദ്യ അമേരിക്കൻ വനിത എന്ന നിലയിൽ സാഹിത്യ ചരിത്രത്തിലും മുന്പേ ഇടം നേടിയവരാണ് അവർ. എഴുത്തുകാരി എന്നതിനൊപ്പം തന്നെ തികഞ്ഞ മാനവികതാവാദിയുമായിരുന്നു പേൾ എസ് ബക്ക്. നോവൽ, ചെറുകഥ, ബാലസാഹിത്യം, കവിത, നാടകം, വിവർത്തനം, നോൺ ഫിക്്ഷൻ എന്നീ ശാഖകളിൽ എഴുപതിലധികം കൃതികൾ രചിച്ച ഈ എഴുത്തുകാരി ലോകമെമ്പാടും ഇന്നും പരക്കെ വായിക്കപ്പെടുന്നുണ്ട്.

1892 ജൂൺ 26ന് പടിഞ്ഞാറൻ വെർജീനിയയിലുള്ള ഹിൽസ്ബറോ എന്ന ചെറുപട്ടണത്തിലെ ഒരു മിഷണറി കുടുംബത്തിലാണ് പേൾ എസ് ബക്ക് എന്ന പേൾ കംഫർട്ട് സിഡെൻസ്ട്രിക്കർ ജനിച്ചത്. ചൈനയിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്നവരായിരുന്നു മാതാപിതാക്കൾ. പേൾ ജനിച്ചയുടനെ കുടുംബം ചൈനയിലേക്കു പോയി. അതിൽപ്പിന്നെ ശൈശവവും ബാല്യത്തിന്റെ ഭൂരിഭാഗവും ആ രാജ്യത്താണ് അവർ ചെലവഴിച്ചത്. പിന്നീട് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി അമേരിക്കയിലെത്തിയ പേൾ 1914 ൽ വെർജീനിയയിലെ റാൻഡോൾഫ് മാക്കോൺ വിമൻസ് കോളജിൽനിന്ന് ബിരുദം നേടിയശേഷം ചൈനയിൽ തിരിച്ചെത്തി ഏറെക്കാലം ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിച്ചു.

നന്നേ ചെറുപ്പത്തിൽതന്നെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന പേൾ എസ് ബക്ക് സ്കൂൾ വിദ്യാർഥിയായിരിക്കെ കുട്ടിക്കഥകൾ എഴുതി ചൈനയിലെ ചില ഇംഗ്ലീഷ് പത്രമാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. 1920 ആയപ്പോഴേക്കും കുറേക്കൂടി ഗൗരവമുള്ള രചനകളിൽ അവർ വ്യാപൃതയായി. തുടർന്ന് നിരവധി ഉപന്യാസങ്ങളും ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെട്ടു. East Wind, West Wind (1930) എന്ന ആദ്യനോവൽ അക്ഷരലോകത്ത് പേൾ എസ് ബക്ക് എന്ന എഴുത്തുകാരിയുടെ സ്ഥാനം ഭദ്രമാക്കിയെങ്കിലും “The Good Earth’ (1931) എന്ന നോവലാണ് അവരെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയാക്കിയത്. തുടർച്ചയായി രണ്ട് വർഷം അമേരിക്കയിൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ 1932 ലെ പുലിറ്റ്‌സർ സമ്മാനത്തിന് അവരെ അർഹയാക്കി. തുടർന്ന് “Sons’ (1932), “A House Divided’ (1935) എന്നീ രണ്ട് തുടർ രചനകൾ ചേർന്ന് ഒരു നോവൽത്രയത്തിനു രൂപം നൽകപ്പെട്ടു. 1938ൽ, ചൈനയിലെ കർഷകജീവിതത്തിന്റെ ഉജ്ജ്വലവും കരുണാർദ്രവുമായ ആവിഷ്കാരത്തിന് പേൾ എസ് ബക്കിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിൽ ഈ നോവൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. “Pavilion of Women’ (1946); “Imperial Woman’ (1956); “Letter from Peking’ (1957), “The Living Reed’ (1963), എന്നിവ മറ്റു ശ്രദ്ധേയ നോവലുകളാണ്. ചെറുകഥാ സമാഹാരങ്ങളിൽ “First Wife and Other Stories’ (1933), “Today and Forever’ (1941) എന്നിവ പ്രധാനപ്പെട്ടവയാണ്.

1934ൽ ചൈനയിലെ രാഷ്ട്രീയ അസ്ഥിരത കാരണം പേൾ എസ് ബക്ക് അമേരിക്കയിലേക്ക് തിരിച്ചുപോയി, അവിടെ പെൻസിൽവാനിയയിൽ ഗ്രീൻ ഹിൽസ് ഫാമിൽ സ്ഥിരതാമസമാക്കി. സാഹിത്യരചനക്കു പുറമേ, നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കെടുത്തു. പൗരാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണം എന്നിവയിൽ സജീവസാന്നിധ്യമായി. ഏഷ്യൻ രാജ്യങ്ങളിലെ നിർധനരും അനാഥരുമായ കുഞ്ഞുങ്ങളെ പിന്തുണക്കുന്നതിനായി പേൾ എസ് ബക്ക് എന്ന ഫൗണ്ടേഷൻ സ്ഥാപിച്ചു. 1973 മാർച്ച് 6 ന് അവർ ജീവിതത്തോട് വിട പറഞ്ഞു.

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ചൈനീസ് കർഷകരുടെ ദൈനംദിന ജീവിതദൈന്യമാണ് പേൾ എസ് ബക്കിന്റെ മിക്ക രചനകളുടെയും മുഖ്യ പ്രതിപാദ്യവിഷയം. നിസ്വരും നിഷ്കളങ്കരുമായ ആ ജനങ്ങൾക്കിടയിൽ മിഷണറി പ്രവർത്തനം നടത്തിയ തന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ജീവിതം അവരുടെ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനും ഗ്രഹിക്കുവാനും തനിക്ക് തുണയായെന്നും, അത് തന്റെ രചനകളിൽ ആർദ്രതയുടെയും സഹാനുഭൂതിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചെന്നും പല അവസരങ്ങളിലും എഴുത്തുകാരി വെളിപ്പെടുത്തിയിട്ടുണ്ട്.

പാശ്ചാത്യ, പൗരസ്ത്യ സംസ്കാരപഥങ്ങൾക്കിടയിൽ മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും പാലങ്ങൾ നിർമിച്ചുകൊണ്ട് ലോകത്തിനു മാതൃകയായ എഴുത്തുകാരിയാണ് പേൾ എസ് ബക്ക്. പ്രാപഞ്ചികമായൊരു മാനവികതാവാദം ജീവിതാന്ത്യം വരെ മുറുകെ പിടിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ നന്മയും സവിശേഷതയും. ഇന്ന്, അസഹിഷ്ണുതയും അപരവിദ്വേഷവും ഒപ്പം മറ്റനേകം സാമൂഹിക തിന്മകളും മനുഷ്യമനസ്സിനെ മഥിക്കുമ്പോൾ സാർവത്രിക സ്നേഹത്തിന്റെ അക്ഷരക്കൂട്ടുകൾ ലോകത്തിനു സമ്മാനിച്ച പേൾ എസ് ബക്കിനെപ്പോലെയുള്ള എഴുത്തുകാരെ അനുസ്മരിക്കേണ്ടതും അവരുടെ രചനകളിലൂടെ ഒരിക്കൽക്കൂടി സഞ്ചരിക്കേണ്ടതും കാലത്തിന്റെ അനിവാര്യതയാകുന്നു.

 

 

---- facebook comment plugin here -----

Latest