Kerala
പുറത്തിറങ്ങാനാകാത്ത മറ്റ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാതെ ബോബി ചെമ്മണ്ണൂര്‍
ജാമ്യം ലഭിച്ചിട്ടും വിവിധ കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനാകാന്‍ തയാറാകാത്തത്

കൊച്ചി | നടിക്കെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതെ നാടകം തുടരുന്നു. ജാമ്യം ലഭിച്ചിട്ടും വിവിധ കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനാകാന്‍ തയാറാകാത്തത്.
വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും സാങ്കേതികമായ പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ ബോബി തയാറാകാതിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉള്ളത്.
കേസില്‍ അറസ്റ്റിലായി ആറുദിവസമായി കാക്കനാട് ജയിലില്‍ കഴിയുകയാണ്. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ബോബിയെ സ്വീകരിക്കാനായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുള്‍പ്പെടുന്ന വലിയൊരുകൂട്ടവും പ്ലക്കാര്‍ഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ നടന്നത്.