From the print
അതിക്രമവുമായി സൈനികരും ജൂത കൈയേറ്റക്കാരും; ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു
വടക്കൻ ഗസ്സയിൽ ബൈത്ത് ലഹിയക്ക് വടക്കുകിഴക്കായി കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന താത്കാലിക കൂടാരത്തിന് നേർക്കുണ്ടായ നാവികസേനയുടെ ഷെൽ ആക്രമണത്തിൽ ഫലസ്തീൻ സ്ത്രീ കൊല്ലപ്പെട്ടു.
ഗസ്സാ സിറ്റി | ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുമായി ഇസ്‌റാഈൽ സൈനികരുടെയും ജൂത കൈയേറ്റക്കാരുടെയും ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടി ഉൾപ്പെടെയാണ് മരിച്ചത്.
തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇവരിലൊരാൾ അടുത്തിടെ വിവാഹിതനായിരുന്നു. ഖാൻ യൂനുസിന് കിഴക്ക് ശൈഖ് നാസറിന് സമീപം ഡ്രോൺ ആക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സയിൽ ബൈത്ത് ലഹിയക്ക് വടക്കുകിഴക്കായി കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന താത്കാലിക കൂടാരത്തിന് നേർക്കുണ്ടായ നാവികസേനയുടെ ഷെൽ ആക്രമണത്തിൽ ഫലസ്തീൻ സ്ത്രീ കൊല്ലപ്പെട്ടു.
ഗസ്സ നഗരത്തിലെ സൈതൂനിന് അടുത്ത് ദവ്‌ല റൗണ്ട്എബൗട്ടിൽ ജനക്കൂട്ടത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റാമല്ലക്ക് കിഴക്ക് മുഅയ്യിർ ഗ്രാമത്തിൽ ജൂത കൈയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരടക്കം നാല് പേരുടെ മരണമാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. അൽ മുഅയ്യിർ ബോയ്‌സ് സ്‌കൂളിൽ ജൂത കൈയേറ്റക്കാരുടെ അതിക്രമത്തിനിടെ 14കാരനായ ഔസ് ഹംദി അൽ നഅ്‌സാനും 32കാരനായ ജിഹാദ് മർസൂഖ് അബു നാഇമുമാണ് മരിച്ചത്. കൈയേറ്റക്കാരെ സഹായിക്കുന്നതിനായി ആളുകൾക്ക് നേരെ സൈനികർ വെടിയുതിർക്കുകയായിരുന്നു.





