Kerala
വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി മോര്‍ച്ചറിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
തൃശൂര്‍ | തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശിയായ സുദര്‍ശനന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ മാടിപ്പുറം സ്വദേശിയായ വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശിയായ സുവിന്‍ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്.
അതേ സമയം, അപകടത്തിന് പിന്നാലെ കാണാതായവര്‍ക്കായി സമീപത്തെ കുളങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിതറി തെറിച്ചിരുന്നു.
14 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി മോര്‍ച്ചറിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.






