Connect with us

Kerala

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവും, രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, അനുശോചനം അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം രാഷ്ട്രപതി ദ്രൗപതി മുര്‍മുവും, രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും പരുക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് നിരവധി സ്‌ഫോടനങ്ങളുണ്ടായി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് ഇവിടെയുണ്ടായിരുന്നു.

സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാനും സമീപത്തെ മറ്റ് ആശുപത്രികളും സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 

---- facebook comment plugin here -----