Connect with us

From the print

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; ഉണങ്ങാത്ത മുറിവുകളുമായി കുടുംബങ്ങൾ

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പാക് പിന്തുണയുള്ള ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്

Published

|

Last Updated

പുണെ | പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം തികയുന്പോൾ പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറുന്ന മനസ്സുമായി കഴിയുകയാണ് ഇരകളുടെ കുടുംബങ്ങൾ. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പാക് പിന്തുണയുള്ള ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. മരണം വരെ ഈ ദുരന്തം തങ്ങൾക്ക് മറക്കാനാകില്ലെന്ന് ഇരകളുടെ ബന്ധുക്കൾ പറയുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ട കൗസ്തുഭ് ഗൻബോട്ടെയുടെ ഭാര്യ സംഗീത ഗൻബോട്ടെ തന്റെ ദുഃഖം പങ്കുവെച്ചു. സാധാരണക്കാരെ കൊന്നൊടുക്കുന്നത് കൊണ്ട് ഒന്നും നേടാനാകില്ലെന്ന് അവർ പറഞ്ഞു. സർക്കാറിനോടാണ് പോരാട്ടമെങ്കിൽ അവരോടാണ് സംസാരിക്കേണ്ടത്. ഇത്തരം ആക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണം എന്ന് കൂടി സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കണം- സംഗീത കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രശാന്ത കുമാർ സത്പതിയുടെ ഭാര്യ പ്രിയദർശിനി ആചാര്യ തന്റെ ജീവിതത്തിലുണ്ടായ തകർച്ചയെക്കുറിച്ച് വിവരിച്ചു. വീടിന്റെ ഏക അത്താണിയായിരുന്നു പ്രശാന്ത. ഒരു വർഷമാകുന്നു, എങ്കിലും അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല. അന്ന് ചെയ്തിരുന്ന താത്കാലിക ജോലി ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനിവാര്യമായി മാറിയിരിക്കുന്നു- പ്രിയദർശിനി പറഞ്ഞു. സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ ലഭിച്ചിട്ടില്ലെന്നും സാമ്പത്തിക സഹായം ലഭിച്ചെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച ഉറപ്പുകൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2025 ഏപ്രിൽ 22നാണ് വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ഗ്രാമത്തിൽ ഭീകരർ കടന്നുകയറി കൂട്ടക്കൊല നടത്തിയത്. ഇരകളുടെ മതം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു കൊലപാതകം. ഇതിന് മറുപടിയായി ഇന്ത്യൻ സായുധ സേന മേയ് ഏഴിന് “ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ശക്തമായ തിരിച്ചടി നൽകി. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പതോളം ഭീകരതാവളങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. തുടർന്ന് മേയ് പത്തിന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി.
ദുരന്തത്തിന്റെ കറുത്ത ഓർമകൾ നിലനിൽക്കുമ്പോഴും കശ്മീരിലെ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സുരക്ഷാ ക്രമീകരണങ്ങളിൽ വിശ്വാസമർപ്പിച്ച് വൻതോതിൽ വിനോദ സഞ്ചാരികൾ ഇപ്പോൾ കശ്മീരിലേക്ക് എത്തുന്നുണ്ട്. പഹൽഗാം സുരക്ഷിതമാണെന്നും പഴയൊരു സംഭവത്തിന്റെ പേരിൽ ഒരിടത്തെയും മാറ്റിനിർത്തരുതെന്നും സഞ്ചാരികൾ
പറയുന്നു.

---- facebook comment plugin here -----

Latest