Connect with us

From the print

ഒന്നാംക്ലാസ്സ് പ്രവേശനം;അഞ്ച് വയസ്സ് മതി

ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ച് വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ആറ് വയസ്സെന്ന നിബന്ധന കർശനമാക്കിയാൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശന പ്രായത്തിൽ മാറ്റം വരുത്താത്തതെന്നാണ് വിശദീകരണം. 2023ൽ ഒന്നാംക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരുന്നു. 10,614 പേർ. 2024ൽ 781 കുട്ടികൾ കൂടുതലായി സ്‌കൂളിലെത്തി. എന്നാൽ, 2025ൽ ഒന്നാംക്ലാസ്സിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സായിരിക്കുമെന്ന് കഴിഞ്ഞ വർഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്.

ഇതോടെ ആറ് വയസ്സ് തികയാത്ത കുട്ടികളെ വീണ്ടും യു കെ ജി ക്ലാസ്സുകളിലും അങ്കൺവാടികളിലും ഇരുത്തണമെന്ന സ്ഥിതിയായി. എന്നാൽ, പുതിയ തീരുമാനം വന്നതോടെ ഈ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർക്കാനാകും. സ്‌കൂളുകളിൽ കുട്ടികൾ കുറയുന്ന അവസ്ഥ ഇല്ലാതായാൽ ജോലി സ്ഥിരത സംബന്ധിച്ച അധ്യാപകരുടെ ആശങ്കയും ഒഴിവാകും.
2020ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിലും പ്രവേശനപ്രായം ആറ് വയസ്സാണെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഒന്നാംക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായം ആറാക്കണമെന്ന മാനദണ്ഡം നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തേ നിർദേശം നൽകിയിരുന്നുവെങ്കിലും കേരള വിദ്യാഭ്യാസച്ചട്ട പ്രകാരം വിദ്യാഭ്യാസ വകുപ്പ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയനവർഷംകൂടി അഞ്ച് വയസ്സാക്കി നിജപ്പെടുത്തുകയായിരുന്നു.

 

---- facebook comment plugin here -----

Latest