Connect with us

From the print

വെടിക്കെട്ടുകള്‍ ജീവൻ കവരുന്നതിൽ ആശങ്ക

തൃശൂരിന് പുറമെ കൊല്ലം, പാലക്കാട് ജില്ലകളാണ് വെടിക്കെട്ട് ദുരന്തങ്ങളിൽ മുന്നിൽ

Published

|

Last Updated

തൃശൂർ | കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ ആകാശവിസ്മയം തീർക്കുന്ന വെടിക്കെട്ടുകൾ പലപ്പോഴും വലിയ മനുഷ്യക്കുരുതികളുടെയും തീരാക്കണ്ണീരിന്റെയും അവശേഷിപ്പായി മാറാറുണ്ട്. ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിക്കുമ്പോൾ, നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മത്സരക്കമ്പങ്ങൾ കേരളത്തിന് സമ്മാനിച്ചത് ഭീകരമായ ദുരന്തചരിത്രങ്ങളാണ്. ഓരോ ദുരന്തവും അവസാനിക്കുമ്പോൾ വിരൽചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്കാണ്. ചിതറിത്തെറിക്കുന്ന ജീവനുകളുടെ കണക്ക് പരിശോധിക്കുമ്പോൾ, കൊട്ടിഘോഷിച്ച് നടത്തുന്ന ആഘോഷങ്ങൾ സുരക്ഷിതമാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

കേരളത്തിലുണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായിരുന്നു കൊല്ലത്തെ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായത്. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നുണ്ടായ അപകടത്തിൽ 110 പേർ മരിക്കുകയും 300ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് നടത്തിയ മത്സരക്കമ്പമായിരുന്നു പുറ്റിങ്ങൽ ദുരന്തത്തിന് വഴിവെച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കോൺക്രീറ്റ് കെട്ടിടങ്ങൾ പോലും തകർന്നുവീണിരുന്നു. സംഭവം നടന്നത് പുലർച്ചെ ആയതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ആവർത്തിക്കുന്ന ദുരന്തങ്ങൾ

പുറ്റിങ്ങൽ ദുരന്തത്തിന് മുന്പുള്ള ഏറ്റവും വലിയ വെടിക്കെട്ട് അപകടമായിരുന്നു ശബരിമല ദുരന്തം. 1952ൽ ശബരിമലയിലെ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തിൽ 68 പേരാണ് മരിച്ചത്. 60 വർഷം മുമ്പ് പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇതുപോലെ മറ്റൊരു അപകടം നടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കലായിക്കോട്ട തകർന്നാണ് കുറേ പേർ മരിച്ചത്. അപകടത്തിനു ശേഷം നിര്‍ത്തിവെച്ച ഉത്സവം 1966 മുതലാണ് വീണ്ടും തുടങ്ങിയത്. കമ്പമില്ലെങ്കിൽ ഉത്സവം തന്നെ വേണ്ടെന്ന നിലപാടാണ് അന്ന് ഉത്സവ നടത്തിപ്പുകാർ സ്വീകരിച്ചത്.

പൂരങ്ങളുടെ നാടായ തൃശൂർ വെടിക്കെട്ട് അപകടങ്ങളിലും ഒട്ടും പിന്നിലല്ല. തൃശൂരിന് പുറമെ കൊല്ലം, പാലക്കാട് ജില്ലകളാണ് വെടിക്കെട്ട് ദുരന്തങ്ങളിൽ മുന്നിൽ. ഇതുവരെ നടന്ന 800 ഓളം അപകടങ്ങളിൽ 400ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇനിയൊരു പുറ്റിങ്ങലോ മുണ്ടത്തിക്കോടോ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ആഘോഷ കമ്മിറ്റികളും ജാഗ്രത പാലിക്കണം.

---- facebook comment plugin here -----

Latest