Connect with us

Articles

ആയതിനാല്‍ അനുനയത്തിന് ശ്രമിച്ചേ പറ്റൂ

ഇന്ത്യന്‍ യൂനിയന്റെ വ്യാപാരത്തിന്റെ വലിയൊരളവ് ഗള്‍ഫ് രാഷ്ട്രങ്ങളുമായാണ്. കച്ചവടം പരിമിതപ്പെടുത്താനോ തൊഴില്‍ തേടി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ഇനി വേണ്ടെന്ന് തീരുമാനിക്കാനോ ഈ രാഷ്ട്രങ്ങള്‍ തയ്യാറായാല്‍ ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാകുക. ധനക്കമ്മി വീണ്ടുമുയരും. കടത്തിന്റെ കെണിയില്‍, രാജ്യം വീണ്ടും താഴും. അതുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം വേഗത്തില്‍ ആശയവിനിമയം തുടങ്ങിയത്.

Published

|

Last Updated

ബി ജെ പിയുടെ ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തുകയും ആ പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ വക്താവായ നവീന്‍ ജിന്‍ഡാല്‍ അതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തത് വലിയ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നു. നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ പുറത്തുവന്നതിന് പിറകെ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലും മറ്റും സംഘര്‍ഷങ്ങളുണ്ടാകുകയും ചെയ്തു. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്രാധികാരം കൈയാളിയ ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വ അജന്‍ഡകളെ തുറന്നെതിര്‍ക്കുന്നവരെയും ലക്ഷ്യമിടുകയോ ആക്രമിക്കുകയോ ചെയ്തിരുന്നു. അതിനെല്ലാമെതിരെ രാജ്യത്തിനകത്തു നിന്ന് ഒറ്റക്കും കൂട്ടായും പ്രതിഷേധങ്ങളുയരുകയും ചെയ്തു. എന്നാല്‍ കേന്ദ്രാധികാരത്തെയോ അതിന് നേതൃത്വം നല്‍കുന്ന ബി ജെ പിയെയോ ഉലയ്ക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല അവയൊന്നും. രോഹിത് വെമുലയുടെ കൊലപാതകത്തിന് സമാനമായ ആത്മഹത്യയെത്തുടര്‍ന്ന് വിവിധ ക്യാമ്പസുകളിലുയര്‍ന്നതായിരുന്നു ആദ്യത്തെ രൂക്ഷമായ പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവുകളിലുയര്‍ന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത് കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരമായിരുന്നു. ആദ്യത്തെ രണ്ടിനെയും അവഗണിക്കാനും അടിച്ചമര്‍ത്താനുമാണ് കേന്ദ്രം തയ്യാറായത്. കര്‍ഷക സമരത്തോടും ഇതേ നിലപാട് സ്വീകരിച്ചുവെങ്കിലും ഗത്യന്തരമില്ലാതെ മുട്ടുമടക്കേണ്ടിവന്നു. 2014ല്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ പിന്‍മാറ്റം. അതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാറും നേരിട്ടുകൊണ്ടിരിക്കുന്നത്.

പ്രവാചകവിരുദ്ധ പരാമര്‍ശത്തിലുള്ള പ്രതിഷേധം രാജ്യത്തിനകത്ത് മാത്രമായിരുന്നുവെങ്കില്‍ അതിനെ നിഷ്പ്രയാസം അവഗണിച്ച് പോകാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനും ബി ജെ പിക്കും സാധിക്കുമായിരുന്നു. അത്തരം പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനും സാധിക്കുമായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. യു എ ഇ, ഖത്വര്‍, സഊദി അറേബ്യ, കുവൈത്ത് തുടങ്ങി പതിനഞ്ച് രാഷ്ട്രങ്ങള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇന്ത്യന്‍ യൂനിയനില്‍ മുസ്ലിംകളടക്കം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തോടും അവര്‍ക്കു നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളോടും ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗ നിലപാടിന്റെ തുടര്‍ച്ചയിലാണ് പ്രവാചകനെതിരെ പറയാനുള്ള ധൈര്യം ഉരുവമെടുക്കുന്നതെന്നും അങ്ങനെ മതത്തെയും വിശ്വാസത്തെയും ഇകഴ്ത്തിയാലും ചോദിക്കാന്‍ ആരുമുണ്ടാകാത്ത വിധം ഹിന്ദുത്വം ബലവത്തായിരിക്കുന്നുവെന്ന ധാരണ വളര്‍ന്നിരിക്കുന്നുവെന്നും തിരിച്ചറിഞ്ഞുള്ളതാണ് ഇതര രാഷ്ട്രങ്ങളുടെ പ്രതികരണമെന്ന് നിശ്ചയമായും കരുതണം. ഇക്കാലത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറിയതൊക്കെ ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന് കരുതി മൗനം പാലിച്ചവര്‍, അവര്‍ക്ക് കൂടി അഭിപ്രായം പറയാന്‍ പാകത്തിലൊരു അവസരം വന്നപ്പോള്‍ ഇടപെടുകയാണ്. ജനായത്തവും മനുഷ്യത്വവും പരിഗണിച്ചാല്‍ ഈ ഇടപെടല്‍ തികച്ചും ഉചിതമെന്ന് പറയേണ്ടിവരും.

ആ ഇടപെടലിനോട് പൊടുന്നനെ പ്രതികരിക്കാന്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. നൂപുര്‍ ശര്‍മ ടെലിവിഷന്‍ ചാനലിലൂടെ പ്രവാചകനെ അവഹേളിക്കുന്നത് മെയ് 27നാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘര്‍ഷമുണ്ടായി. നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ രാജ്യത്തിനകത്തു നിന്ന് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അന്നൊന്നും പ്രതികരിക്കാതിരുന്ന കേന്ദ്ര സര്‍ക്കാറും ബി ജെ പിയും ഗള്‍ഫ് രാജ്യങ്ങളില്‍ ചിലത് പ്രതികരിച്ചയുടന്‍ രംഗത്തുവന്നു. നൂപുര്‍ ശര്‍മയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബി ജെ പി, നവീന്‍ ജിന്‍ഡാലിനെ പുറത്താക്കി. വിമര്‍ശനമുന്നയിച്ച രാജ്യങ്ങളുമായി നയതന്ത്ര സംഭാഷണത്തിന് തയ്യാറായി. പാര്‍ട്ടിക്ക് സമാന്തരമായി സഞ്ചരിക്കുന്ന ചില തീവ്ര നിലപാടുകാരുടെ (ദേശീയ വക്താവായ നൂപുര്‍ ശര്‍മയും ഡല്‍ഹി ഘടകത്തിന്റെ വക്താവായ നവീന്‍ ജിന്‍ഡാലും പൊടുന്നനെ ബി ജെ പിയുമായി നേരിട്ട് ബന്ധമില്ലാത്ത തീവ്ര നിലപാടുകാരായി) നിലപാടുകള്‍ ബി ജെ പി പങ്കുവെക്കുന്നില്ല എന്നും എല്ലാ മതങ്ങള്‍ക്കും തുല്യാവകാശം അനുവദിക്കണമെന്ന അഭിപ്രായമാണ് ബി ജെ പിക്കെന്നുമൊക്കെയായി വിശദീകരണം. രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദു പാരമ്പര്യം അംഗീകരിക്കാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും പ്രഖ്യാപിക്കുന്ന സംഘ്പരിവാരം എപ്പോഴാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, എല്ലാ മതങ്ങള്‍ക്കും തുല്യാവകാശം അനുവദിക്കുന്ന പ്രസ്ഥാനമായി മാറിയതെന്ന് ആര്‍ക്കുമറിയില്ല.

തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്ക് ഭിന്നമായി ചിലത് പറയാനും ചില നടപടികളിലേക്ക് കടക്കാനും ബി ജെ പിയും നരേന്ദ്ര മോദി സര്‍ക്കാറും തയ്യാറായതിന് വ്യാപാര – വാണിജ്യ – സാമ്പത്തിക മേഖലയിലുണ്ടാകാന്‍ ഇടയുള്ള തിരിച്ചടികള്‍ മാത്രമാണ് കാരണം. ഇന്ത്യന്‍ യൂനിയന്‍ ഇതര രാഷ്ട്രങ്ങളുമായി നടത്തുന്ന വ്യാപാരത്തിന്റെ കണക്കെടുത്താല്‍ നാലാം സ്ഥാനത്ത് യു എ ഇയും അഞ്ചാം സ്ഥാനത്ത് സഊദി അറേബ്യയുമുണ്ട്. മൊത്തത്തിലെടുത്താല്‍, ഇന്ത്യന്‍ യൂനിയന്റെ വ്യാപാരത്തിന്റെ വലിയൊരളവ് ഗള്‍ഫ് രാഷ്ട്രങ്ങളുമായാണ്. പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാരില്‍ വലിയൊരളവ് ഈ രാഷ്ട്രങ്ങളിലുമാണ്. കച്ചവടം പരിമിതപ്പെടുത്താനോ തൊഴില്‍ തേടി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ഇനി വേണ്ടെന്ന് തീരുമാനിക്കാനോ ഈ രാഷ്ട്രങ്ങള്‍ തയ്യാറായാല്‍ ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാകുക. നിലവില്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന ധനക്കമ്മി വീണ്ടുമുയരും. കടത്തിന്റെ കെണിയില്‍, രാജ്യം വീണ്ടും താഴും. അങ്ങനെയുണ്ടായാല്‍ അത് ജനത്തിന്റെ പിടലിക്ക് വെക്കാമെന്ന് വെക്കാം. അദാനി – അംബാനിമാരുടെ കച്ചവടത്തെ ബാധിച്ചാലോ? അദാനിക്ക് വരാനിടയുള്ള നിക്ഷേപം ഇല്ലാതാക്കിയാലോ? സഹിക്കവയ്യ തന്നെ. ആയതിനാല്‍ അനുനയത്തിന് ശ്രമിച്ചേ പറ്റൂ. അതുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം വേഗത്തില്‍ ആശയവിനിമയം തുടങ്ങിയത്. ചില വ്യക്തികള്‍ക്ക് പറ്റിയ തെറ്റ്, ബി ജെ പിയുടെയോ അവരുടെ ഭരണകൂടത്തിന്റെയോ അറിവോടെയോ സമ്മതത്തോടെയോ സംഭവിച്ചതല്ലെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. ഈ പ്രഹസനം അരങ്ങേറുന്നതിന് തൊട്ടുമുമ്പാണ്, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമം വര്‍ധിക്കുകയാണെന്ന അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപോര്‍ട്ട് വന്നത്. പേരിനൊരു വിയോജനം രേഖപ്പെടുത്തുന്നതിനപ്പുറത്തുള്ള അനുനയത്തിനൊന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ മെനക്കെട്ടില്ല. അമേരിക്കന്‍ ഭരണകൂടം റിപോര്‍ട്ടുകളില്‍ എന്തെഴുതിയാലും കച്ചവടത്തില്‍ കോട്ടമുണ്ടാകില്ലെന്ന ഉറപ്പുണ്ട്. നൂപുറിന്റെയും നവീന്‍ ജിന്‍ഡാലിന്റെയും പരാമര്‍ശത്തില്‍ മുറിവേല്‍ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം അവ്വിധമാകില്ലെന്ന തിരിച്ചറിവാണ് പൊടുന്നനെയുള്ള ഇടപെടലിന് ഏക കാരണം. രാജ്യത്തും ലോകത്തും അപ്രതീക്ഷിതമായൊരു തിരിച്ചടി നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാറും ഏറ്റുവാങ്ങുകയാണെന്ന് ശങ്കകൂടാതെ പറയാം.

അപ്പോഴും അതൊരവസരമായി തീവ്ര ഹിന്ദുത്വം ഉപയോഗിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നതിലാണ് അപകടം. നൂപുറിനെയും നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയുമായി ബന്ധമില്ലാത്ത തീവ്ര നിലപാടുകാരായി വിശേഷിപ്പിച്ചത്, ബി ജെ പിയിലെയും സംഘ്പരിവാരത്തിലെയും തീവ്ര നിലപാടുകാരെ ചൊടിപ്പിച്ചിരിക്കുന്നു. നരേന്ദ്ര മോദിക്കും അമിത് ഷാക്കും പഴയ കരുത്തില്ലെന്നതിന് തെളിവായി ഇതിനെ കാണുന്ന അക്കൂട്ടര്‍, ഇതര മതക്കാരന്റെ നെഞ്ചത്തു കൂടെ ബുള്‍ഡോസറോടിക്കാന്‍ മടിക്കാത്ത യോഗി ആദിത്യനാഥാണ് ഇനിയങ്ങോട്ട് നയിക്കേണ്ടത് എന്ന് വാദിക്കുന്നു. ആര്‍ എസ് എസും ബി ജെ പിയും അതാത് സമയത്തെ വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി സൃഷ്ടിച്ച ഈ തീവ്ര ഗ്രൂപ്പുകള്‍, രക്ഷിതാക്കളുടെ നിയന്ത്രണത്തെ തള്ളിപ്പറഞ്ഞ് രംഗത്തിറങ്ങുന്നത് കൂടുതല്‍ കലുഷിതമായ അന്തരീക്ഷമുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. തീവ്ര ഗ്രൂപ്പുകള്‍ക്ക് മുമ്പാകെ ഇപ്പോള്‍ ക്ഷീണിച്ചു നില്‍ക്കുന്ന മോദി – ഷാ സഖ്യം ഇപ്പോഴത്തെ കനലടങ്ങുമ്പോള്‍ അഴിച്ചുവിടാന്‍ ഇടയുള്ള പ്രചാരണം മറ്റൊന്നായിരിക്കും. പ്രവാചക വിമര്‍ശനത്തിന്റെ പേരില്‍ യോജിച്ചുനിന്ന് ഇന്ത്യന്‍ യൂനിയന്റെ ഭരണാധികാരത്തെ മുള്‍മുനയില്‍ നിര്‍ത്തിയവരെയും അവരെ പിന്തുണക്കുന്നവരെയും തിരിച്ചറിയുന്നത്, ഹിന്ദുത്വക്ക് വേണ്ടി യോജിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത് എന്നാകും പ്രചാരണം. ഭൂരിപക്ഷത്തെ, വര്‍ഗീയമായി കൂടുതല്‍ ഏകോപിപ്പിക്കാനുള്ള ആയുധമായി തീവ്ര നിലപാടുകാരും അവരുടെ വിമര്‍ശനത്തിന് ഇപ്പോള്‍ വിധേയരാകുന്ന മോദി – ഷാ സഖ്യവും ഇപ്പോഴത്തെ സാഹചര്യത്തെ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. വിഷം, ഏത് പ്രതികൂല സാഹചര്യത്തിലായാലും വിഷമല്ലാതായി മാറുകയില്ലല്ലോ! അതിന്റെ പ്രയോഗ സാധ്യതയിലും മാറ്റമുണ്ടാകില്ലല്ലോ!