Kerala
സഹോദരി ഭര്‍ത്താവിനെ ആക്രമിച്ചത് മതം മാറാന്‍ ആവശ്യപ്പെട്ട്; ചിറയന്‍കീഴ് സംഭവത്തില്‍ കൂസലില്ലാതെ പ്രതിയുടെ കുറ്റസമ്മതം
സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിന്‍കീഴില്‍വെച്ച് ഡാനിഷ് അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്

തിരുവനന്തപുരം | ചിറയിന്‍കീഴില്‍ സഹോദരി ഭര്‍ത്താവിനെ അതിക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. മതംമാറണമെന്ന് ആവശ്യപ്പെട്ടാണ് യുവാവിനെ മര്‍ദിച്ചതെന്ന് കേസില്‍ അറസ്റ്റിലായ ഭാര്യാസഹോദരന്‍ കുറ്റംസമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജില്‍ ജോര്‍ജിന്റെയും വത്സലയുടെയും മകന്‍ ഡോ. ഡാനിഷാണ് പോലീസിനോട് കൂസലില്ലാതെ കുറ്റംസമ്മതിച്ചത്. കഴിഞ്ഞദിവസമാണ് ഡാനിഷിനെ തമിഴ്നാട്ടിലെ ഊട്ടിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിന്‍കീഴില്‍വെച്ച് ഡാനിഷ് അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. മിഥുന്‍ മതം മാറാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഡാനിഷ് ഒളിവില്‍ പോവുകയായിരുന്നു. വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് നടത്തിയ തെളിവെടുപ്പില്‍ മിഥുനെ ആക്രമിച്ചരീതിയും മറ്റും പ്രതി പോലീസിനോട് വിശദീകരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മിഥുന്‍ ഇപ്പോഴും മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.