Connect with us

National

ഡോക്ടര്‍മാരെ ആക്രമിച്ച ശിവസേന കോര്‍പ്പറേഷന്‍ അംഗം പോലീസില്‍ കീഴടങ്ങി; വീണ്ടും ജയിലിലടച്ചു

ബോംബെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ മഹാത്രെയ് ഞായറാഴ്ച പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു

Published

|

Last Updated

മുംബൈ |  ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നേരെ ആക്രമണം നടത്തിയ ശിവസേന കോര്‍പ്പറേഷന്‍ അംഗം രമേഷ് മഹാത്രെയെ വീണ്ടും ജയിലിലടച്ചു. ബോംബെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ മഹാത്രെയ് ഞായറാഴ്ച പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ആഗസ്റ്റ് മൂന്ന്‌ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ആക്രമണത്തെ അതീവ ഗൗരവത്തോടെ വീക്ഷിച്ച ബോംബെ ഹൈക്കോടതി, മഹാത്രെയുടെ ജാമ്യം റദ്ദാക്കുകയും ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പായി കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ശനിയാഴ്ച ചേര്‍ന്ന പ്രത്യേക സിറ്റിംഗില്‍, രമേഷ് മഹാത്രെക്കും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിച്ച നടപടിയില്‍ ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുടെ കോര്‍പ്പറേഷന്‍ അംഗമായ മഹാത്രെയ്ക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന വസ്തുത ജാമ്യം അനുവദിച്ച കല്യാണിലെ മജിസ്‌ട്രേറ്റ് കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘൂഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.അദ്ദേഹത്തെ 17 കേസുകളില്‍ വെറുതെ വിട്ടിട്ടുണ്ടെങ്കിലും, അത്യന്തം ഗുരുതരവും ക്രൂരവുമായ സ്വഭാവമുള്ളവ ഉള്‍പ്പെടെ 18 കേസുകളില്‍ അദ്ദേഹം പ്രതിയായിരുന്നു എന്ന വസ്തുത കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ, പ്രത്യേകിച്ച് കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജൂലൈ 20-ന് പണിമുടക്കാന്‍ തീരുമാനിച്ച കാര്യവും കോടതി കണക്കിലെടുത്തു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ പണിമുടക്ക് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ബെഞ്ച് അവരോട് അഭ്യര്‍ത്ഥിച്ചു.എന്‍ ഐ സി യു നിറഞ്ഞതിനാല്‍ നവജാതശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതായി ഒരു കുടുംബം പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, ജൂലൈ 6-നാണ് മഹാത്രെയും കൂട്ടാളികളും താനെ ജില്ലയിലെ ഡോംബിവ്‌ലിയിലുള്ള ആശുപത്രിയിലേക്ക് ഇരച്ചുകയറിയത്. ഇവര്‍ ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നുജൂലൈ 8നായിരുന്നു മഹാത്രെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജൂലൈ 14 ന് ജാമ്യം ലഭിക്കുകയായിരുന്നു.

Content Highlights: Shiv Sena corporator Ramesh Mhatre surrendered before the police after the Bombay High Court cancelled his bail. The court intervened into the lower court order considering the gravity of the attack on doctors. Mhatre has been remanded to judicial custody until August 3.

 

Latest