Connect with us

Siraj Article

ശീഇസം: സലഫികള്‍ കുമ്പസരിക്കുന്നു

സലഫി ടെററിസത്തെ കേരളത്തില്‍ പിടിച്ച് കെട്ടിയ സുന്നികള്‍ക്ക് ശിയാ അധിനിവേശത്തെ ചെറുക്കാന്‍ എന്തിന് തീവ്രവാദ സലഫികളുടെ സഹായം? ശിയാഇസവും സലഫിസവും സുന്നികളെ കൊല്ലുന്നു. രണ്ടും സുന്നികളെ കാഫിറാക്കുന്നു. എന്താണ് വ്യത്യാസം? നിങ്ങള്‍ കേരള സലഫികള്‍ ഇതെല്ലാം ഏറ്റുപറഞ്ഞ് മാപ്പിരക്കണം. പരസ്പരം കലിമ ചൊല്ലിക്കൊടുത്ത് കുമ്പസരിക്കണം

Published

|

Last Updated

‘ഇത് സുന്നിയും മുജാഹിദും തര്‍ക്കമല്ല. അഹ്‌ലുസ്സുന്ന ഒരുമിച്ച് നിന്ന് നേരിട്ടില്ലെങ്കില്‍ അപകടമാണ്’. കേരള സലഫികളുടേതാണ് പുതിയ ആഹ്വാനം. വായനക്കാര്‍ക്ക് ചിരിക്കുകയോ കരയുകയോ ആകാം. ആഗോള ശിയാഇസത്തിന്റെ ആക്രമണോത്സുകമായ കടന്നുകയറ്റമാണ് വിഷയം. ഇതാ ശിയാഇസം കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ വഖ്ഫ് കൊള്ളയെപ്പറ്റി മിണ്ടരുത്. സലഫിസ്റ്റ് ടെററിസത്തെക്കുറിച്ച് ഉപന്യസിക്കരുത്. മുഹ്‌യിദ്ദീന്‍ പള്ളിയും ശാദുലിപ്പള്ളിയും സംസാര വിഷയമാക്കരുത്. വഹാബികളുടെ ഖബ്‌റ് പൊളിയെക്കുറിച്ചോ തീവ്രവാദത്തെ കുറിച്ചോ മിണ്ടരുത്. ശിയാക്കള്‍ വരുന്നു. അവര്‍ മുസ്‌ലിംകളെ കൊല്ലും. കൊള്ളയടിക്കും. പള്ളികള്‍ തകര്‍ക്കും. ലോക രാജ്യങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. ഇറാന്‍ ഇതിനായി പണമിറക്കുന്നു. കേരളം ശിയാ അധിനിവേശത്തിന്റെ ഭീഷണിയിലാണ്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന കുത്ത് റാത്തീബുകള്‍ ശിയാ കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമാകുന്നു. സുന്നിയും മുജാഹിദും തര്‍ക്കങ്ങള്‍ വിട്ട് നാം അഹ്‌ലുസ്സുന്നയുടെ ആളുകള്‍ ശിയാഇസത്തെ ഒരുമിച്ച് നിന്ന് ചെറുക്കണം. പുലി പുല്ലു തിന്നുന്നു. കാക്ക മലര്‍ന്ന് പറക്കുന്നു. സലഫികള്‍ ചെന്നായത്തോല്‍ ഉരിയുന്നു. ആട്ടിന്‍ തോല്‍ ചുറ്റുന്നു. എന്തൊരു കൗതുകം!

സലഫികള്‍ ഇങ്ങനെ പേടിക്കാതെ. കുറച്ച് തീവ്രവാദം കാട്ടിയെന്നോ പത്തോ പതിനൊന്നോ പള്ളികള്‍ തട്ടിയെന്നോ കുറച്ചേറെ ഏക്കര്‍ വഖ്ഫ് ഭൂമി മോഷ്ടിച്ചെന്നോ കരുതി ഇങ്ങനെ പേടിച്ചാലോ? ഇബ്‌നു അബ്ദില്‍ വഹാബിന്റെ അനുയായികളായ സലഫിസ്റ്റ് പോരാളികള്‍ക്ക് ഇത്രയും വിഭ്രാന്തി പാടില്ല. ചോര കാണുമ്പോള്‍ തലമിന്നുന്ന നിങ്ങളെന്തിന് ആരാച്ചാരുടെ കത്തിയെടുത്തു? പക്ഷേ നിങ്ങള്‍ സലഫിസ്റ്റുകള്‍ രക്ഷാകര്‍തൃത്വം ചമയുമ്പോള്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ സൂക്ഷിക്കണം. ഭയപ്പെടണം. ഒന്നുമില്ല. കുറുക്കന്‍ രക്ഷിതാവ് ചമയുമ്പോള്‍ കോഴിക്കുണ്ടാകുന്ന ആ പഴയ ഭയം.
അപ്പോള്‍ ശിയാഇസം വരുന്നു! ഇത് സുന്നിയും മുജാഹിദും തര്‍ക്കം പോലെ അല്ല. ആ തര്‍ക്കമെന്തായിരുന്നു? കുഫ്‌റും തൗഹീദും തമ്മില്‍. ഈ തര്‍ക്കമോ? അതെ. കുഫ്‌റും തൗഹീദും തമ്മില്‍ തന്നെ. ശിയാക്കള്‍ മുസ്‌ലിംകളെ കൊല്ലുന്നു. സലഫിസ്റ്റുകളും കൊല്ലുന്നു. പിന്നെ എന്തിനിപ്പോള്‍ ഈ സോപ്പ് എന്നല്ലേ?

വഖ്ഫ് കൊള്ള, പള്ളി മോഷണം, ടെററിസം ആകെ വിഭ്രാന്തരായി ഒറ്റപ്പെട്ട് നില്‍ക്കുമ്പോള്‍ ഒരു ആണ്‍തുണ വേണമല്ലോ? അങ്ങനെയാണ് സലഫികള്‍ ശിയാഇസത്തിനെതിരെ സുന്നികളെ കൂട്ട് ചേര്‍ക്കുന്നത്. അപ്പോള്‍ ശിര്‍ക്ക്? അതിപ്പോള്‍ ഇല്ലല്ലോ. പക്ഷേ, കുമ്പസാരക്കൂട്ടില്‍ തല താഴ്ത്തി നില്‍ക്കുന്ന കേരള സലഫികള്‍ കുറച്ചധികം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കൂടി ഏറ്റുപറഞ്ഞ് കുമ്പസരിക്കേണ്ടതുണ്ടല്ലോ. എന്തുകൊണ്ടെന്നാല്‍ നിങ്ങളാണ് മുസ്‌ലിം കേരളത്തെ തുണ്ടം തുണ്ടമാക്കിയത്. നിങ്ങളാണ് നവോത്ഥാനത്തിന്റെ പേരില്‍ മത നശീകരണവാദങ്ങള്‍ ഉയര്‍ത്തിയത്. നിങ്ങളാണ് മുസ്‌ലിം മിമ്പറും മിഹ്‌റാബും കളങ്കപ്പെടുത്തിയത്. നിങ്ങളാണ് മുസ്‌ലിം സ്വഫുകള്‍ പിളര്‍ത്തിയത്. മുസ്‌ലിം കുടുംബങ്ങളെ തകര്‍ത്തത്. പള്ളികള്‍ രണ്ടാക്കിയത്. മഹല്ലുകള്‍ പിളര്‍ത്തിയത്. നിങ്ങള്‍ മുസ്‌ലിംകളുടെ ഭാഷാ ഐക്യം തകര്‍ത്തു. മരണ വീട്ടിലും കല്യാണ വീട്ടിലും ഭിന്നിപ്പുണ്ടാക്കി. മുസ്‌ലിം യുവാക്കളില്‍ തീവ്രവാദം കുത്തിവെച്ചു. ഇസ്‌ലാമിക സമൂഹത്തെ മാനം കെടുത്തി. ലോകത്തിന് അനേകം തീവ്രവാദി ഗ്രൂപ്പുകളെ നല്‍കിയതാണ് നിങ്ങളുടെ സംഭാവന. നിങ്ങള്‍ ചോദ്യങ്ങളെ നേരിടേണ്ടതുണ്ട്.

മനുഷ്യ യുക്തിയാണ് പ്രമാണമെന്നും പ്രമാണങ്ങള്‍ യുക്തിക്ക് വഴങ്ങേണ്ടതുണ്ടെന്നും തിട്ടൂരമിറക്കിയതാരാണ്? മുത്ത് നബിയെ വിളിച്ചതിന്റെ പേരില്‍ കേരള മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികളാണെന്ന് ഇണ്ടാസിറക്കിയതാരാണ്? സുന്നികളെ കൊല്ലല്‍ നിര്‍ബന്ധമാണെന്ന വഹാബി ഫത്‌വ കേരളത്തില്‍ മലയാള ഭാഷയില്‍ പുറത്തിറക്കി തീവ്രവാദത്തിന് വിത്തിട്ടതാര്? സ്ത്രീ പൊതുരംഗ പ്രവേശത്തിനും പിടിവിട്ട് പോയ സര്‍വനാശത്തിനും ഇടവരുത്തിയതാര്? മതയുക്തിവാദമുയര്‍ത്തി സാക്ഷാല്‍ യുക്തിവാദത്തിലേക്ക് ഏതാനും തെറിച്ച സാധനങ്ങളെയെങ്കിലും എറിഞ്ഞ് കൊടുത്തതാര്? ചേകന്നൂര്‍, സി എന്‍, ജബ്ബാര്‍, ജാമിദ… ഇത്തരം മാര്‍ഗഭ്രംശങ്ങളുടെ ഉത്തരവാദിത്വമാര്‍ക്ക്? മതാദര്‍ശങ്ങളെ യുക്തിക്കൊത്ത് മുറിച്ച് കാണിച്ചതാരാ?

മുത്ത് നബിയുടെ വ്യക്തിപ്രഭാവത്തെ നിങ്ങള്‍ ഇടിച്ചുതാഴ്ത്തി. സന്‍മാര്‍ഗത്തിന്റെ അടയാളങ്ങളെന്ന് തിരുമേനി(സ) ഉമ്മത്തിന് പറഞ്ഞ് തന്ന സ്വഹാബിമാരെ, ജൂതന്‍മാരുടെ കൈയാളുകളെന്ന് അധിക്ഷേപിച്ചു. അല്ലാഹുവിന് സ്ഥലമോ ഭാഗമോ തടിയോ ഇല്ലെന്നും അങ്ങനെ വാദിക്കുന്നത് മതഭ്രഷ്ടിന് കാരണമാകുമെന്നും വിധി നല്‍കിയ നിങ്ങള്‍ പില്‍ക്കാലത്ത് അല്ലാഹുവിന് അവയവങ്ങളുടെ ആടയാഭരണങ്ങള്‍ ധരിപ്പിച്ചു. അവന്‍ കസേരയില്‍ ഇരിപ്പാണെന്നും അര്‍ധ രാത്രി കഴിഞ്ഞ് ഒന്നാനാകാശത്തിലേക്കിറങ്ങി വരുമെന്നുമുള്ള മണ്ടത്തരം മതത്തിന്റെ പേരില്‍ പറഞ്ഞ് പരത്തി. അല്ലാഹുവിന് രണ്ട് കരങ്ങളുണ്ടെന്നും അത് രണ്ടും ഇടത് ഭാഗത്താണെന്നും ഇടത്തും വലത്തുമായി ഓരോന്നാണെന്നും മാറി മാറി പറഞ്ഞ് യുക്തിവാദികള്‍ക്ക് ഹരം പകര്‍ന്നു. അല്ലാഹുവിന് ഊരയുണ്ടെന്നും ഇല്ലെന്നുമുള്ള ചര്‍ച്ച കൊഴുപ്പിച്ച് നിങ്ങള്‍ ഇസ്‌ലാമിന്റെ മുഖം കെടുത്തി. സമുദായത്തിന് വെളിച്ചം പകര്‍ന്ന ആത്മീയ ഗുരുക്കളെ നിങ്ങള്‍ കാഫിറാക്കി. മുഹ് യിദ്ദീന്‍ ശൈഖിനെ ശങ്കരാചാര്യരുടെ അനുയായിയെന്ന് ചിത്രീകരിച്ചു. മുസ്‌ലിംകളെ കൊന്ന് തള്ളണമെന്ന് മതവിധി പുറപ്പെടുവിച്ചതാരാണ്? കൊടുങ്ങല്ലൂര്‍, എടവണ്ണ, നാടുകാണി, കുറ്റ്യാടി പ്രദേശങ്ങളില്‍ മഹാന്മാരുടെ മഖ്ബറകള്‍ തകര്‍ത്തതാരാണ്? അഫ്ഗാന്‍ താലിബാനോ കേരള സലഫിസ്റ്റുകളോ? കോഴിക്കോട്ടെ മുഹ്്യിദ്ദീന്‍ പള്ളി കൊള്ള ചെയ്തതാരാണ്? ശാദുലിപ്പള്ളി തട്ടിയെടുത്തത്? നൂറുകണക്കിന് സുന്നി വഖ്ഫുകള്‍ കൈയേറിയത്? പാലപ്പറ്റയില്‍ പള്ളിക്ക് കല്ലെറിഞ്ഞതാരാണ്? വാഴക്കാട് ദാറുല്‍ ഉലൂം കട്ടതാരാണ്? സമ്പന്നമായ ഖുതുബുഖാനയിലെ ഗ്രന്ഥങ്ങള്‍ കടത്തിയതാരാണ്?

മാപ്പിള മുസ്‌ലിംകളെ നിങ്ങള്‍ ഒറ്റിക്കൊടുത്തു. അവരുടെ സാഹിത്യങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍ തകര്‍ത്തു. മുസ്‌ലിംകള്‍ കെട്ടിപ്പടുത്ത അറബി മലയാള ഭാഷ ബ്രിട്ടീഷ് ഭരണാധികാരികളോട് ചേര്‍ന്ന് നിന്ന് നിങ്ങള്‍ തകര്‍ത്തു. കേരളത്തില്‍ സാംസ്‌കാരിക ഇസ്‌ലാമിനെ തകര്‍ത്ത് രാഷ്ട്രീയ ഇസ്‌ലാമിന് പ്രചാരം നല്‍കാന്‍ വെള്ളക്കാരില്‍ നിന്ന് വേതനം പറ്റിയതാരായിരുന്നു? ഇസ്‌ലാം ശപിച്ച പലിശ ഹലാലാക്കി മതവിധി പുറപ്പെടുവിച്ചതാരായിരുന്നു? നശീകരണ നവോത്ഥാനത്തിന് പലിശപ്പണം കൊണ്ട് ശിലയിട്ടതാരായിരുന്നു? മുസ്‌ലിം ബേങ്ക് സ്ഥാപിച്ച് സമുദായത്തെ പച്ചപ്പലിശയിലേക്ക് തള്ളിവിട്ടതാരാണ്? പലിശ മതവിധിക്ക് പ്രമാണങ്ങളെ വളച്ചൊടിച്ച് ഹീലത്തുരിബാ (പലിശയുക്തി) ഉണ്ടാക്കിയതാരാണ്?

പതിനാറാം നൂറ്റാണ്ടിന് മുമ്പും ശേഷവും അനവരതം തുടര്‍ന്നു വന്ന നവോത്ഥാന പരിശ്രമങ്ങളെ തൊള്ളായിരത്തി ഇരുപത്തിരണ്ടിലേക്ക് ചുരുട്ടിക്കെട്ടി പ്രകാശമാനമായ അനേകം നൂറ്റാണ്ടുകളെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയതാരാണ്? മൗദൂദിസത്തിന്റെ പരിശീലനക്കളരി എവിടെയായിരുന്നു? ചേകന്നൂര്‍ പിച്ചവെച്ചതെവിടെ? ജാമിതക്കും ജബ്ബാറിനും യുക്തിചിന്തകള്‍ പകര്‍ന്ന് നല്‍കിയതാര്? കേരളീയ മുസ്‌ലിം യൗവനത്തെ കാര്‍ന്ന് തിന്ന് തുടങ്ങിയ തീവ്രവാദ പ്രവണതയുടെ വേരെവിടെ? കേരളത്തില്‍ നിന്ന് സിറിയയിലേക്കും മറ്റുമായി തീവ്രവാദ കച്ചവടത്തിനായി പലായനം ചെയ്ത നൂറോളം ചെറുപ്പക്കാരുടെ പരിശീലനക്കളരി ഏതായിരുന്നു? അവരുടെ പ്രചോദന കേന്ദ്രമേതായിരുന്നു? ആദര്‍ശ ധാര ഏതായിരുന്നു? ആഗോള തീവ്രവാദ ഗ്രൂപ്പുകളുടെ എല്ലാം ആശയാടിത്തറ വഹാബിസമായത് എന്തുകൊണ്ട്? നിങ്ങളുടെ നേതാവാരാണ്, ഇബ്‌നു അബ്ദില്‍ വഹാബ്. മുസ്‌ലിം സമൂഹത്തില്‍ തീവ്രവാദത്തിന് വിത്തിട്ടത് ഇദ്ദേഹമായിരുന്നില്ലേ? മക്കയിലും മദീനയിലുമായി പതിനായിരങ്ങളെ കൊന്നുതള്ളിയത് ഇദ്ദേഹമല്ലേ? നബി കുടുംബത്തെയും അനേകം പണ്ഡിതരെയും വധിച്ച് കളഞ്ഞത് ഇദ്ദേഹമല്ലേ? കഅബാലയം കൊള്ളയടിച്ചത് ആരായിരുന്നു? മക്കയിലും മദീനയിലുമുള്ള അനേകം പുണ്യസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ തകര്‍ത്തതാരാണ്? കേരള വഹാബിസം ഊര്‍ജം സ്വീകരിച്ചത് ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നായിരുന്നില്ലേ? ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വമത സത്യവാദിയായിരുന്നില്ലേ? മതങ്ങളെയെല്ലാം കൂട്ടിക്കുഴച്ച് അവിയല്‍ പരുവത്തിലാക്കി പുതിയ മതം പണിയാന്‍ ശ്രമിച്ച അഫ്ഗാനിയെ നിങ്ങള്‍ നവോത്ഥാന നായകനാക്കി. ഇദ്ദേഹത്തിന്റെ സര്‍വമത സത്യവാദം കേരളത്തില്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ കേള്‍ക്കുന്ന സി എച്ച് മുര്‍തദ്ദ് മൗലവിയുടെ സര്‍വവേദ സത്യവാദത്തിന് ശിലയിട്ടതാരായിരുന്നു? ഇദ്ദേഹം തെളിവായി പറയുന്ന ഖുര്‍ആന്‍ സൂക്തം ആദ്യം ദുര്‍വ്യാഖ്യാനിച്ചതാരായിരുന്നു? നിങ്ങള്‍ നവോത്ഥാന നായകനായി അവതരിപ്പിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധിയായിരുന്നില്ലേ? മുഅ്ജിസത് നിഷേധിയായിരുന്നില്ലേ? പാശ്ചാത്യ പ്രമത്തനായിരുന്നില്ലേ? മദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നില്ലേ? ഇദ്ദേഹം നിസ്‌കരിക്കുമായിരുന്നോ? പലിശ അനുവദിക്കുന്ന ആളായിരുന്നില്ലേ? മതവിരുദ്ധനായ ഇദ്ദേഹത്തെയല്ലേ സലഫികള്‍ നവോത്ഥാന നായകനായി അവതരിപ്പിച്ചത്? എന്തായിരുന്നു ലക്ഷ്യം? റശീദ് രിള നിങ്ങള്‍ക്കാരായിരുന്നു? ഉത്ഥാന നായകന്‍. ഇദ്ദേഹം സര്‍വമത സത്യവാദിയായിരുന്നില്ലേ? ഹദീസ് നിഷേധിയും മുഅ്ജിസത്ത് നിഷേധിയുമായിരുന്നില്ലേ?

കേരള മുസ്‌ലിംകള്‍ക്കെതിരെ എന്തായിരുന്നു നിങ്ങളുടെ പരാതി? അവര്‍ തൗഹീദില്‍ നിന്ന് അകന്ന് പോയിരിക്കുന്നു. ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുന്നു. ഇതായിരുന്നില്ലേ മുഖ്യപരാതി? എന്തായിരുന്നു പറഞ്ഞുവന്ന കാരണം? മറഞ്ഞ മാര്‍ഗത്തില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അല്ലാഹു ഒഴികെ ഏതെങ്കിലും വ്യക്തിക്കോ ശക്തിക്കോ അങ്ങനെ വല്ല കഴിവുമുണ്ടെന്ന് വിശ്വസിച്ചാല്‍ അവന്‍ മുശ്്രിക്കായി. ഈ നിലപാട് ഇപ്പോഴും നിലവിലുണ്ടോ? സുന്നികളെ തൗഹീദ് പഠിപ്പിക്കാന്‍ വന്ന നിങ്ങളുടെ സ്ഥിതി ഇപ്പോള്‍ എന്താണ്? സുന്നികളെ മുശ്്രിക്കുകളായി തള്ളിയ നിങ്ങള്‍ക്കിപ്പോള്‍ തൗഹീദ് തീരുമാനമായോ? 1921ന് ശേഷം നിങ്ങള്‍ എത്ര പ്രാവശ്യം, എത്രവിധം തൗഹീദാണ് മാറി മാറി അവതരിപ്പിച്ചിട്ടുള്ളത്? മുര്‍ത്തദ്ദോ മുശ്്രിക്കോ ആകാത്തവര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടോ? 21ല്‍ ഒന്നാം തൗഹീദ് സിദ്ധാന്തം പുറത്തുവന്നതോടെ അഹ്‌ലുസ്സുന്നയെ നിങ്ങള്‍ കാഫിറാക്കി തള്ളി. കാരണം എന്തായിരുന്നു? അവര്‍ മുത്ത്‌നബിയെ വിളിക്കുന്നു. മറഞ്ഞ വഴിക്ക് സഹായം പ്രതീക്ഷിക്കുന്നു. നശീകരണ നവോത്ഥാനത്തിന്റെ മികച്ച ഉദാഹരണം. പക്ഷേ, നവോത്ഥാനം അടങ്ങിയിരിക്കുമോ? ഇല്ല. വന്നു, മൗദൂദിസം. അവര്‍ക്ക് ഭരണം വേണമായിരുന്നു. മതരാഷ്ട്രം വേണമായിരുന്നു. എന്താ ചെയ്തത്? നിങ്ങളെ കാഫിറാക്കി തള്ളി. പഠനവും ജോലിയും വോട്ടും തിരഞ്ഞെടുപ്പും കോടതിയും വരെ നിഷിദ്ധം. പ്രമാണമെന്തായിരുന്നു? ഖുര്‍ആന്‍. സലഫിസ്റ്റുകള്‍ക്കെന്ത് ചെയ്യാനാകും? ഒന്നുമാകില്ല. ഇജ്തിഹാദിന്റെ കവാടങ്ങള്‍ തുറന്നിട്ട് പ്രമാണ വ്യഭിചാരത്തിന് വഴിമരുന്നിട്ടത് നിങ്ങളായിരുന്നല്ലോ? മൗദൂദി ഇജ്തിഹാദിനെ മാത്രം എങ്ങനെ നിഷേധിക്കാനാകും?
ശേഷം വന്നതാരാ? സി എന്‍ അഹ്മദ് മൗലവി. ഈ മുഅ്ജിസത്ത് നിഷേധിയുടെ പോറ്റില്ലം എവിടെയായിരുന്നു? സ്വന്തം ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആനും സുന്നത്തും തള്ളിയ ഇദ്ദേഹത്തിന്റെ പിതൃത്വമാര്‍ക്ക്? ചേകന്നൂര്‍ മൗലവിയെ സൃഷ്ടിച്ച് ഉമ്മത്തിന്റെ മുതുകില്‍ കയറ്റിവെച്ചതാരാ? ഇയാള്‍ പറഞ്ഞതെന്തായിരുന്നു? നിങ്ങളുടെ അതേവാദം. മറഞ്ഞ വഴിക്ക് വിളി പാടില്ല. വിളിച്ചാല്‍ ശിര്‍ക്ക്. അക്കാരണത്താല്‍ കേരള മുജാഹിദുകള്‍ കാഫിറുകള്‍. അവര്‍ നിസ്‌കാരത്തില്‍ മുഹമ്മദ് നബിയെ വിളിക്കുന്നു. ഇത് ഖുര്‍ആന്‍ വിരുദ്ധം. അത്തഹിയ്യാത്തില്‍ ശിര്‍ക്ക്, മന്ത്രത്തില്‍ ശിര്‍ക്ക്, ഹജറുല്‍ അസ് വദിലും സംസം വെള്ളത്തിലും ശിര്‍ക്ക്. ചേകന്നൂരിന് മാത്രം ഇജ്തിഹാദ് പറ്റില്ലെന്ന് എങ്ങനെ പറയും? ഇവിടം കൊണ്ടവസാനിച്ചുവോ? ഇല്ല. 21ല്‍ അവതരിപ്പിച്ച തൗഹീദ് തീമിയ്യ, രിളവിയ്യ ധാരകളുടെ സങ്കര രൂപമായിരുന്നല്ലോ? ഇത് രണ്ടായി പൊളിഞ്ഞു. എന്താണ് സംഭവിച്ചത്? നിങ്ങളില്‍ തന്നെ മുവഹിദും മുശ്്രിക്കുമുണ്ടായി. ജിന്നിനെ വിളിക്കാമെന്നും സിഹ്‌റും കണ്ണേറും ഫലിക്കുമെന്നുമുള്ള നിലപാടുകള്‍ വന്നു. മന്ത്രവും ഊത്തും ജിന്ന് ചികിത്സയും ഖുര്‍ആനിക് മന്ത്രവുമെല്ലാം അരങ്ങ് തകര്‍ത്താടി. നിങ്ങള്‍ സമുദായത്തെ കൊഞ്ഞനം കുത്തി. പരിഹസിച്ചു. പക്ഷേ, രിളവിയ്യ തൗഹീദിന്റെ തീവ്രവാദത്തില്‍ ഉറച്ചു നിന്നവര്‍ക്ക് ഇതെല്ലാം ശിര്‍ക്കായിരുന്നു. സിഹ്‌റും മന്ത്രവും ബറകത്തും സംസമും ജിന്ന് ബാധയും ചികിത്സയുമെല്ലാം അവര്‍ കാടടച്ച് ശിര്‍ക്കാക്കി. ഇപ്പോള്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു?
2001ല്‍ നിങ്ങള്‍ പുതിയ തൗഹീദ് ഉണ്ടാക്കിയില്ലേ? യുവത പ്രസിദ്ധീകരിച്ച ഇസ്‌ലാം എന്ന പുസ്തകത്തില്‍ എം എം അക്ബര്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയത് എപ്രകാരമായിരുന്നു? അവന്‍ അരൂപിയാണ്. പ്രപഞ്ചാതീതനാണ്. അല്ലാഹു സിംഹാസനസ്ഥനാണെന്ന വാദം തെറ്റാണ്. ഇങ്ങനെയായിരുന്നില്ലേ? നവോത്ഥാനം പിളര്‍ന്നപ്പോള്‍ ഈ പുസ്തകം രിളവിയ്യ പക്ഷത്തായി. ഉടനെ പിറന്നു വീണു പുതിയ തൗഹീദ്. ആ തൗഹീദില്‍ അല്ലാഹുവിന് കൈയും കാലും മുഖവുമുണ്ടായിരുന്നു. അവന്‍ സിംഹാസനസ്ഥനായിരുന്നു. നിങ്ങള്‍ക്ക് നാണം വന്നോ? ഇല്ല. 2001ല്‍ പുളിക്കലില്‍ വെച്ച് പുരോഹിതക്കൂട്ടം യോഗം ചേര്‍ന്ന് പുതിയ തൗഹീദ് ഔദ്യോഗികമായി അംഗീകരിച്ചു. ഇപ്പോള്‍ തൗഹീദ് എത്രവിധമായി? ശേഷം നിങ്ങള്‍ക്ക് നാണം തോന്നിയോ? സഹപ്രവര്‍ത്തകരെ കാഫിറാക്കി നിങ്ങള്‍ എത്ര കാലം പ്രസംഗിച്ചു? തീര്‍ന്നോ? എങ്ങനെ തീരും? തനി മുജ്തഹിദുകളായ അനേകം മൗലവിമാര്‍ നട തുറന്നാടുകയായിരുന്നില്ലേ? മുജ്തഹിദുകളെ ചൊല്ലിയുള്ള നിങ്ങളുടെ ആത്മാഹങ്കാരം ഇപ്പോള്‍ ഈ കുമ്പസാര വേളയില്‍ ഒന്ന് വായിച്ച് നോക്കുന്നത് നന്നാകും. “നമ്മുടെ ഈ ചിന്താസരണിയുടെ ഫലമായി നമ്മുടെ പണ്ഡിതന്‍മാര്‍ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് പ്രസ്ഥാനത്തെയും ആശയത്തെയും ചേര്‍ത്ത് പറയാന്‍ ലജ്ജിച്ചു. തത്ഫലമായി എല്ലാവരും ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും നേരിട്ട് വിധികള്‍ സ്വീകരിക്കാന്‍ കഴിവുള്ളവരായിത്തീര്‍ന്നു. അങ്ങനെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തനി മുജ്തഹിദുകളുള്ള (മുജ്തഹിദ് മുത്വ്‌ലഖ്) പ്രദേശം നമ്മുടെ കൊച്ചു കേരളം തന്നെയാണെന്നതില്‍ സന്ദേഹമില്ല. നമ്മുടെ മസ്ജിദുകളിലെ നൂറുകണക്കിന് ഖതീബുമാരും പ്രബോധന വിഭാഗത്തിന്റെ കീഴിലുള്ള അനേകം പ്രബോധകരും ജംഇയ്യത്തുല്‍ ഉലമയിലെ മഴുവന്‍ അംഗങ്ങളും ഒരു മദ്ഹബും സ്വീകരിക്കാതെ ഇജ്തിഹാദ് നടത്തുന്നവരാണല്ലോ. നമ്മുടെ അഭിമാനകരമായ ഈ നേട്ടത്തെ സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യ ഗണങ്ങളുണ്ടെങ്കില്‍ വിലമതിക്കാനിടയുണ്ട്’- ഈ അഹങ്കാരത്തെ ചൊല്ലി എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ലജ്ജ തോന്നിയിട്ടുണ്ടോ?

കേരള സലഫിസത്തെ ജിന്നുകള്‍ ഭരിച്ചിരുന്ന കാലം. ജിന്ന് തേട്ടം കൊണ്ട് അന്തരീക്ഷം മുഖരിതമായി. ചട്ടിയും കുടവുമായി ചികിത്സാരികള്‍ അരങ്ങ് തകര്‍ത്തു. മുജാഹിദ് സമ്മേളനങ്ങളില്‍ ജിന്നുകള്‍ക്ക് സ്‌പെഷ്യല്‍ സെഷന്‍. ജിന്നിനെ അടിച്ചിറക്കുന്നു. ഊതിക്കയറ്റുന്നു. ഈ കാലത്ത് മൗലവിമാര്‍ ജിന്നിനെ വിളിച്ച് തേടുകയും അര്‍മാദിക്കുകയുമായിരുന്നില്ലേ?
പ്രാര്‍ഥനയുടെ പഴയ നിര്‍വചനം തിരിഞ്ഞു കൊത്തുമെന്നായപ്പോള്‍ നിങ്ങള്‍ പ്രാര്‍ഥനക്ക് പുതിയ നിര്‍വചനം പണിതു. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിലുള്ള സഹായ തേട്ടമായിരുന്നല്ലോ ശിര്‍ക്ക്? ഇതിപ്പോള്‍ സൃഷ്ടികളുടെ കഴിവിന്നതീതമായ എന്നാക്കി മാറ്റി ജിന്നിനെയും മലക്കിനെയും നിങ്ങള്‍ രക്ഷിച്ചെടുത്തു. അങ്ങനെ ജിന്നിനെ വിളിക്കാമെന്നായി. മലക്കിനെ വിളിക്കാമെന്നായി. ഇപ്പോള്‍ തൗഹീദ് എത്രയായി? എന്നിട്ട് നിങ്ങള്‍ക്ക് നാണം തോന്നിയോ? ഇല്ല. എത്ര വര്‍ഷമായിരുന്നു പുതിയ തൗഹീദിന്റെ ആയുസ്സ്? അഞ്ച് വര്‍ഷം. ശേഷം ജിന്ന് തൗഹീദ് വീണ്ടും ശിര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ അഞ്ച് കൊല്ലം ജിന്നിനെ വിളിച്ച് തേടിയവര്‍, അവര്‍ കുമ്പസാരം കൊണ്ട് വിവശരായി, ആര്‍ത്ത് വിളിച്ച് തൗബ ചൊല്ലി. പക്ഷേ, മതിയോ? കലിമ ചൊല്ലേണ്ടതില്ലേ? മൗലവിമാര്‍ കുമ്പസരിച്ചാല്‍ അനുയായികളുടെ പാപം പൊറുക്കുമോ? അല്ലെങ്കിലും ഇത് വെറും പാപമാണോ? ശിര്‍ക്കെന്ന മഹാപാപമല്ലേ? അതിന് തൗബ മതിയോ? കലിമ വേണ്ടേ? അതുണ്ടായോ? ചില മൗലവിമാര്‍ തൗഹീദിന്റെ പേരില്‍ ബുഖാരി ഇമാമിന്റെ ബാപ്പക്ക് വിളിച്ചു. ശേഷം നിങ്ങള്‍ക്ക് നാണം വന്നോ? എന്നിട്ട് നിങ്ങളിപ്പോള്‍ സുന്നി ചമയുന്നു. ശിയാഇസത്തെ ചൂണ്ടി സുന്നികളെ വിരട്ടുന്നു. സലഫി ടെററിസത്തെ കേരളത്തില്‍ പിടിച്ച് കെട്ടിയ സുന്നികള്‍ക്ക് ശിയാ അധിനിവേശത്തെ ചെറുക്കാന്‍ എന്തിന് തീവ്രവാദ സലഫികളുടെ സഹായം? ശിയാഇസവും സലഫിസവും സുന്നികളെ കൊല്ലുന്നു. രണ്ടും സുന്നികളെ കാഫിറാക്കുന്നു. എന്താണ് വ്യത്യാസം? നിങ്ങള്‍ കേരള സലഫികള്‍ ഇതെല്ലാം ഏറ്റുപറഞ്ഞ് മാപ്പിരക്കണം. പരസ്പരം കലിമ ചൊല്ലിക്കൊടുത്ത് കുമ്പസരിക്കണം. മുസ്‌ലിം ഉമ്മത്തിനോട് നിങ്ങള്‍ ചെയ്ത കൊടുംപാതകങ്ങള്‍ അത്രയും മാരകമാണ്.