Kerala
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം
ആലപ്പുഴ എം എ സി ടി (മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്കാണ് സ്ഥലംമാറ്റം. സാധാരണ രീതിയുള്ള സ്ഥലം മാറ്റമാണിത്.

തിരുവനന്തപുരം|പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീറിന് സ്ഥലംമാറ്റം. ആലപ്പുഴ എം എ സി ടി (മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്കാണ് സ്ഥലംമാറ്റം. സാധാരണ രീതിയുള്ള സ്ഥലംമാറ്റമാണിത്. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ രണ്ട് കൊലകേസുകളിലായി നാല് പേരെ എ എം ബഷീര്‍ വധശിക്ഷക്ക് വിധിച്ചിരുന്നു.
2024 മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്ന് പേര്‍ക്കാണ് അന്ന് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ട് സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയെന്ന പ്രത്യേകതയുമുണ്ട് എ എം ബഷീറിന്. ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്‍.