Connect with us

Kozhikode

മെഡി.കോളജിലെ ലൈംഗികാതിക്രമം; കേസ് ഒതുക്കാന്‍ ശ്രമിച്ച വനിതാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

യുവതിയുടെ മാനസിക നില തെറ്റിയതാണെന്നടക്കം പ്രചരിപ്പിച്ചു. യുവതിക്ക് പ്രത്യേക സുരക്ഷ ഏർപ്പാടാക്കി

Published

|

Last Updated

കോഴിക്കോട് | മെഡി. കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്. അഞ്ച് പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരു താത്കാലിക ജീവനക്കാരിയെ പിരിച്ചു വിടുകയും ചെയ്തു.

മെഡിക്കല്‍ കോളജ് ഗ്രേഡ് 1 അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ പി ഇ ഷൈമ, ഷലൂജ, നഴ്‌സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താത്കാലിക ജീവനക്കാരിയായ ദീപയെയാണ് പിരിച്ചുവിട്ടത്. സര്‍വീസ് ചട്ട പ്രകാരം താത്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വകുപ്പില്ലാത്തതിനാലാണ് പിരിച്ചുവിടല്‍ നടപടി. അതിജീവിതയുടെ പരാതിയെ തുടര്‍ന്ന് മൂന്നംഗ സമതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്.

പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരി ഒഴികെയുള്ള അഞ്ച് പേര്‍ക്കെതിരെ മെഡി.കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിന് യുവതി നല്‍കിയ പരാതി മെഡി. കോളജ് പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

മെഡി.കോളജ് ഐ സി യുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധ ബോധാവസ്ഥയിലുള്ള യുവതിയെയാണ് ആശുപത്രി ഗ്രേഡ് 1 അറ്റന്റര്‍ ലൈംഗികാത്രികമത്തിന് വിധേയമാക്കിയത്. ഇത് സംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ അറ്റന്റര്‍ റിമാന്‍ഡിലാണ്. കൂടാതെ, ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

അറ്റന്റര്‍ക്കെതിരായ കേസ് ഒത്തു തീര്‍ക്കാനാണ് സഹ പ്രവര്‍ത്തകരായ വനിതാ ജീവനക്കാരുടെ ശ്രമമുണ്ടായത്.
നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സി ആര്‍ പി സി 164 പ്രകാരം മജിസ്‌ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നു പറയണമെന്നുമാണ് ഇവര്‍ നിര്‍ബന്ധിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച പലവട്ടം യുവതിയെ സമീപിച്ചിരുന്നു. മാത്രമല്ല യുവതിയുടെ മാനസിക നില തെറ്റിയതാണെന്നടക്കമുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

അതേസമയം, യുവതിക്ക് ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ മെഡി.കോളജ് സൂപ്രണ്ട് നിര്‍ദേശം നല്‍കി. പ്രത്യേകം സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടറും നഴ്‌സും അല്ലാതെ മറ്റാര്‍ക്കും മുറിക്കുള്ളിലേക്ക് പ്രവേശനവും അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

Latest