Connect with us

Ballon d'Or

ഏഴാം തവണ; വീണ്ടും ബാലന്‍ ദി ഓറില്‍ മുത്തമിട്ട് മെസ്സി

വനിതകളുടെ ബാലന്‍ ദി ഓര്‍ സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്‌സിയ പുട്ടേല്ലാസ് സ്വന്തമാക്കി

Published

|

Last Updated

പാരിസ് | ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. അവസാന പട്ടികയില്‍ ഉണ്ടായിരുന്ന ജോര്‍ഗിനോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ലയണല്‍ മെസി വീണ്ടും ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയത്.

ഫുട്‌ബോളിലെ ഏറ്റവും രാജകീയമായ പുരസ്‌കാരമായാണ് ബാലന്‍ ദി ഓര്‍ കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫ്രാന്‍സ് ഫുട്‌ബോള്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ തവണ പുരസ്‌കാരം നല്‍കിയിരുന്നില്ല. ഏറ്റവും അവസാനം 2019 ലും ബാലന്‍ ദി ഓര്‍ നേടിയത് മെസിയായിരുന്നു. അഞ്ച് തവണ പുരസ്‌കാരത്തിന് അര്‍ഹനായ ക്രിസ്റ്റാനോ റൊണാള്‍ഡോ ഇത്തവണ അവസാന മൂന്നില്‍ എത്തിയില്ല എന്ന പ്രത്യേകത ഇത്തവണ ഉണ്ടായിരുന്നു. ബാഴ്‌സ വിട്ട് പി എസ് ജിയിലെത്തിയ മെസി ബാഴ്‌സയിലെ അവസാന സീസണില്‍ 30 ഗോള്‍ നേടിയിരുന്നു. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോപ്പ കപ്പ് നേടിയ അര്‍ജന്റ്ീന ടീമിലും മെസിയുണ്ടായിരുന്നു.

അതേസമയം, വനിതകളുടെ ബാലന്‍ ദി ഓര്‍ സ്‌പെയിന്റെ ബാഴ്‌സലോണ താരം അലക്‌സിയ പുട്ടേല്ലാസ് സ്വന്തമാക്കി. കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള പ്രത്യേക പുരസ്‌കാരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടി. മികച്ച യുവതാരം സ്പാനിഷ് ഫുട്‌ബോളറായ പെഡ്രി ഗോണ്‍സാലസാണ്. ക്ലബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെല്‍സി നേടി.