Connect with us

International

സയ്യിദ് മുഹമ്മദ് നഖീബ് അല്‍ അത്താസ് അന്തരിച്ചു

വിവിധ രാജ്യങ്ങളിലെ സുന്നി പണ്ഡിതരുമായി ഇദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

Published

|

Last Updated

ക്വാലാലംപുര്‍ | പ്രമുഖ ഇസ്ലാമിക ചിന്തകനും ഗ്രന്ഥകാരനുമായ പ്രൊഫ. സയ്യിദ് മുഹമ്മദ് നഖീബ് അല്‍ അത്താസ് അന്തരിച്ചു. 95 വയസ്സായിരുന്നു. ‘റോയല്‍ പ്രൊഫസര്‍’ പദവി നല്‍കി മലേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ച അദ്ദേഹം ഇസ്ലാമിക വൈജ്ഞാനിക ലോകത്തെ ഏറ്റവും സ്വാധീനമുള്ള പണ്ഡിതരില്‍ ഒരാളായിരുന്നു.

ഇന്തോനേഷ്യയിലെ ബോഗോറില്‍ സയ്യിദ് പരമ്പരയില്‍ 1931-ല്‍ ജനിച്ച പ്രൊഫ. സയ്യിദ് മുഹമ്മദ് നഖീബ് 1970 മുതല്‍ 1984 വരെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലെ മലായ് ഭാഷാ-സാഹിത്യ വിഭാഗത്തിന്റെ ആദ്യ ചെയര്‍ ഹോള്‍ഡറായും 1980-82 കാലഘട്ടത്തില്‍ അമേരിക്കയിലെ ഒഹായോ യൂനിവേഴ്‌സിറ്റിയില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്റ്റഡീസിന്റെ ചെയര്‍ ഹോള്‍ഡറായും സേവനമനുഷ്ഠിച്ചു.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് ആന്‍ഡ് സിവിലൈസേഷന്റെ സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹത്തെ 1993-ല്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ‘അബു ഹാമിദ് അല്‍ ഗസ്സാലി’ ചെയറിന്റെ ആദ്യ അധ്യക്ഷനായി നിയമിച്ചിരുന്നു. ചരിത്രം, തത്വശാസ്ത്രം, സാഹിത്യം എന്നിവയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറിലധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ജോര്‍ദാനിലെ റോയല്‍ അക്കാദമി അംഗത്വം സുഡാനിലെ ഖാര്‍ത്തൂം സര്‍വകലാശാലയില്‍ നിന്നുള്ള ഹോണററി ഡോക്ടറേറ്റ് തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര ബഹുമതികള്‍ക്ക് അര്‍ഹനായി. ഇസ്ലാമും ആധുനികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. ‘അറിവിന്റെ ഇസ്ലാമികവല്‍ക്കരണം’ എന്ന ആശയത്തിന്റെ മുന്‍നിര വക്താവായിരുന്നു. വിവിധ രാജ്യങ്ങളിലെ സുന്നി പണ്ഡിതരുമായി ഇദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

ലത്വീഫ അല്‍ അത്താസ് ആണ് ഭാര്യ. നാല് മക്കളുണ്ട്. മലേഷ്യന്‍ രാഷ്ട്രീയ ചിന്തകനായിരുന്ന പരേതനായ സയ്യിദ് ഹുസൈന്‍ അല്‍ അത്താസ് സഹോദരനാണ്.

Latest