Saudi Arabia
സഊദിയുടെ സൈനിക ചെലവ് പ്രാദേശികവല്‍ക്കരണ നിരക്ക് 27.3 ശതമാനത്തിലെത്തി
2018-ല്‍ വെറും 4 ശതമാനമായിരുന്ന പ്രാദേശികവല്‍ക്കരണ നിരക്കില്‍ നിന്നാണ് സഊദി അറേബ്യ ഇപ്പോള്‍ ഈ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.
റിയാദ് | സഊദി അറേബ്യയുടെ സൈനിക ചെലവ് പ്രാദേശികവല്‍ക്കരണ നിരക്ക് 27.3 ശതമാനത്തിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (GAMI) ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയാദില്‍ നടന്ന ബഡ്ജറ്റ് ഫോറത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിരോധ മേഖല രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് (GDP) 7.468 ബില്യണ്‍ സൗദി റിയാലിന്റെ സംഭാവനയാണ് നല്‍കിയത്.
2026 വര്‍ഷത്തേക്ക് നിശ്ചയിച്ചിരുന്ന വാര്‍ഷിക ലക്ഷ്യത്തേക്കാള്‍ 3.3 ശതമാനം അധികം നേട്ടം കൈവരിക്കാന്‍ ഈ മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശിക തൊഴില്‍ വിപണിയിലേക്ക് 5.243 ബില്യണ്‍ റിയാലിന്റെ സംഭാവന നല്കിയ പ്രതിരോധ രംഗം സൈനിക സംഭരണങ്ങളിലെ ആഭ്യന്തര ഉള്ളടക്കത്തിന്റെ വിഹിതം 40.91 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
2018-ല്‍ വെറും 4 ശതമാനമായിരുന്ന പ്രാദേശികവല്‍ക്കരണ നിരക്കില്‍ നിന്നാണ് സഊദി അറേബ്യ ഇപ്പോള്‍ ഈ വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കിക്കൊണ്ട് വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ആകെ സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയെന്ന സഊദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളിലേക്ക് രാജ്യം അതിവേഗം മുന്നേറുന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം.
Content Highlights: Saudi Arabia’s military spending localization reached 27.3%, exceeding its annual target by 3.3%. GAMI confirmed the defence sector contributed 7.468 billion riyals to GDP. Up from just 4% in 2018, this progress supports Saudi Vision 2030 goals to localize over 50% of military expenditure.




