Connect with us

Kerala

ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാര്‍ വധം; 13 പ്രതികളെ വെറുതെ വിട്ടു

2005 മാര്‍ച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ ആര്‍ എസ് എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മര്‍സൂഖ് കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ 14 നു വിധിക്കും. ഇയാള്‍ ചാവശ്ശേരി സ്വദേശിയാണ്.

2005 മാര്‍ച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. എന്‍ ഡി എഫ് പ്രവര്‍ത്തകരായ 14 പേരായിരുന്നു പ്രതികള്‍. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു.
ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.

പിണറായി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിച്ചതാണ് ഇങ്ങനെയൊരു വിധി വരാന്‍ കാരണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രോസിക്യൂഷന്‍ പ്രതികളുമായി ഒത്തുകളിച്ചു. പ്രോസിക്യൂഷന്റെ കുറ്റകരമായ ഒത്തുകളിയാണ് പ്രതികളെ വെറുതെ വിടാന്‍ കാരണം. പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സി പി എം അശ്വനികുമാറിന്റെ വധത്തില്‍ നീതി ലഭിക്കാന്‍ ഒന്നും ചെയ്തില്ല. അശ്വിനിയുടെ മാതാവ് കേസ് എന്‍ ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് വിധി കാണിക്കുന്നതെന്നും വിധി അങ്ങേയറ്റം നിരാശാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.