Connect with us

From the print

ഹജ്ജ് യാത്രയിൽ കൊള്ള; കേരള മുസ്‌ലിം ജമാഅത്ത് കരിപ്പൂർ വിമാനത്താവള മാർച്ചിൽ പ്രതിഷേധമിരമ്പി

എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാർച്ചിൽ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുത്തു

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അമിത ഹജ്ജ് യാത്രാക്കൂലി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  സുന്നി സംഘടനകൾ എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ രാവിലെ പത്തിന് എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാർച്ചിൽ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുത്തു.  ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്രക്ക് തിരഞ്ഞെടുക്കുന്ന കരിപ്പൂരിനോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്ന് ശക്തമായ താക്കീത് നൽകിയാണ് മാർച്ച് അവസാനിച്ചത്.

സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് കോഴിക്കോട്ട് നിന്നുള്ള യാത്രക്കാര്‍ നല്‍കേണ്ടിവരുന്നത്. 86,000, 89,000 എന്നിങ്ങനെയാണ് കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നത്. കോഴിക്കോട്ട് നിന്ന് തീര്‍ഥാടകന്‍ നല്‍കേണ്ടിവരുന്നത് 1,65,000 രൂപയാണ്. മുന്‍വര്‍ഷത്തെ യാത്രാക്കൂലിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വന്‍ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 60 ശതമാനവും എംബാര്‍ക്കേഷന്‍ പോയിന്റായി തിരഞ്ഞെടുത്തത് കോഴിക്കോടാണ്.

രണ്ട് ആവശ്യമാണ് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കേരള മുസ്ലിം ജമാഅത്ത് അവതരിപ്പിക്കുന്നത്. ഹജ്ജ് കാലത്തേക്ക് മാത്രമായെങ്കിലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിലവിലുള്ള നിയന്ത്രണം നീക്കുകയെന്നതാണ് ഒന്നാമത്തേത്. വിദേശ വിമാന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി റീടെന്‍ഡറിന് തയ്യാറാകുക എന്നതാണ് രണ്ടാമത്തേതെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ അലി അബ്ദുല്ല മാർച്ച് ഉദ്ഘാടനം ചെയ്തു.

 

Latest