Connect with us

Kasargod

റിയാസ് മൗലവി വധക്കേസ്: 29ന് വിധി പറയുന്നത് കേസ് പരിഗണിച്ച എട്ടാമത്തെ ജഡ്ജി

വിസ്തരിച്ചത് 97 സാക്ഷികളെ. കേസ് ഏറ്റവുമൊടുവില്‍ പരിഗണിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് വിധി പറയുന്നത്.

Published

|

Last Updated

കാസര്‍കോട് | പഴയ ചൂരിയിലെ മദ്റസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 29ന് വിധി പറയുന്നത് കേസ് പരിഗണിച്ച എട്ടാമത്തെ ജഡ്ജി. കേസ് ഏറ്റവുമൊടുവില്‍ പരിഗണിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് വിധി പറയുന്നത്. മുമ്പ് ഏഴ് ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. കെ കെ ബാലകൃഷ്ണന്‍ ചുമതലയേറ്റെടുക്കുമ്പോഴേക്കും കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. തുടര്‍ നടപടികള്‍ പുതിയ ജഡ്ജിയുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ടുപോയത്. വിധി പറയുന്ന തീയതി പ്രഖ്യാപിച്ച കഴിഞ്ഞ ദിവസം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിത്ത് കോടതിയില്‍ ഹാജരായി.

കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്ന എം അശോകനായിരുന്നു റിയാസ് മൗലവി വധക്കേസിലെ ആദ്യത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ടി ഷാജിത്തിനെ നിയമിച്ചത്. പോലീസിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ കോടതി വിസ്തരിച്ചത് 97 സാക്ഷികളെയാണ്. മൊബൈല്‍ സേവനദാതാക്കളെയും വിസ്തരിച്ചിരുന്നു. മൂന്ന് പ്രതികളുള്ള കേസില്‍ 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതി അടയാളപ്പെടുത്തിയത്.

പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് കോടതിയില്‍ ഹാജരായത്.ആര്‍ എസ് എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അറസ്റ്റിലായതിനെ തുടര്‍ന്ന് ഏഴുവര്‍ഷത്തോളമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ കോസ്റ്റല്‍ ഇന്‍സ്പെക്ടറായിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കൊവിഡ് മൂലവും ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയത് കാരണവും കേസ് പല തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു.

 

Latest