Connect with us

Kerala

റിയാസ് മൗലവി വധക്കേസ്; പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ വിധിന്യായത്തില്‍ ഗുരുതര ആരോപണം

തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് വിധിന്യായത്തില്‍ പറയുന്നു.. കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ല.

Published

|

Last Updated

കാസര്‍കോട്  | റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തില്‍ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ ഗുരുതര ആരോപണങ്ങള്‍. തെളിവെടുപ്പിലും തെളിവുശേഖരണത്തിലും അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് വിധിന്യായത്തില്‍ പറയുന്നു.

കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ല. മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലക്ക് കാരണമെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന സാധിച്ചില്ല. വസ്ത്രത്തില്‍ പുരണ്ട രക്തക്കറയുടെ ഡി എന്‍ എ പരിശോധനയും നടത്തിയില്ല. റിയാസ് മൗലവിയുടെ മുറിയില്‍ നിന്നും ലഭിച്ച ഫോണുകളും സിമ്മുകളും പരിശോധിച്ചില്ല. അന്വേഷണം ഏകപക്ഷീയമായിരുന്നെന്നും വിധിന്യായത്തില്‍ പറയുന്നു.മരണത്തിന് മുന്‍പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും കോടതി പറയുന്നു.പ്രതികളുടെ ആര്‍ എസ് എസ് ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും വിധിന്യായത്തില്‍ പറയുന്നു.

കാസര്‍കോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20-നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഡോ എ ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.

---- facebook comment plugin here -----