National
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം; 52,000ത്തിലധികം ഇന്ത്യാക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം
വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
മേഖലയിലെ വ്യോമപാതകള്‍ ഭാഗികമായി തുറന്നതിനെത്തുടര്‍ന്ന് മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ 52,000ത്തിലധികം ഇന്ത്യക്കാര്‍ സുരക്ഷിതമായി നാട്ടിലെത്തി. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങളിലാണ് യാത്ര ചെയ്തത്.വാണിജ്യ വിമാനങ്ങള്‍ക്ക് പുറമെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും 24×7 ഹെല്‍പ്പ് ലൈനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ന്യൂഡല്‍ഹിയില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.മിഡില്‍ ഈസ്റ്റിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ മിഷനുകള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം.
ഇറാനില്‍ യുഎസും ഇസ്‌റാഈലും നടത്തുന്ന ആക്രമണങ്ങളും, ഇസ്‌റാഈല്‍ കേന്ദ്രങ്ങള്‍ക്കും യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന തിരിച്ചടികളും കാരണം മേഖലയിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും സഹായം ആവശ്യമുള്ളവര്‍ക്കായി എല്ലാ ഗവണ്‍മെന്റുകളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, പേര്‍ഷ്യന്‍ കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന 36 ഓളം ഇന്ത്യന്‍ ചരക്ക് കപ്പലുകളെ മടക്കി കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും ഇന്ത്യ ആരംഭിച്ചു. ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ തുറമുഖങ്ങള്‍ക്ക് ഷിപ്പിംഗ് മന്ത്രാലയവും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



