Connect with us

Web Special

ട്രംപിന് കിട്ടിയ എട്ടിന്റെ പണി! ഇറാനെ അടിക്കാൻ പോയി ഒടുവിൽ റഷ്യയെ സഹായിക്കേണ്ടി വന്ന കഥ!

ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പലതും അമേരിക്കയ്ക്ക് ഇപ്പോൾ അയവ് വരുത്തേണ്ടി വന്നിരിക്കുന്നു

Published

|

Last Updated

മോസ്കോ | ഇറാനിൽ ഇസ്റാഈൽ – അമേരിക്കൻ സഖ്യം നടത്തുന്ന സൈനിക നീക്കങ്ങൾ ലോകത്തെ മുൾമുനയിൽ നിർത്തവേ, ഡൊണാൾഡ് ട്രംപിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി റഷ്യയുടെ അപ്രതീക്ഷിത കുതിപ്പ്. ഇറാനെ പാഠം പഠിപ്പിക്കാനിറങ്ങിയ അമേരിക്കയ്ക്ക് സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒടുവിൽ റഷ്യയെ സഹായിക്കേണ്ടി വരുന്ന വിരോധാഭാസമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ റഷ്യൻ എണ്ണയുടെ ഡിമാൻഡ് വർധിച്ചതും അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളും വ്ലാദിമിർ പുടിന് ലോട്ടറിയായി മാറിയിരിക്കുകയാണ്.

ഇറാനിലെ അമേരിക്കൻ ആക്രമണത്തെ പ്രകോപനപരമായ അധിനിവേശമായാണ് മോസ്കോ വിശേഷിപ്പിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ പുടിൻ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ ഈ നയതന്ത്ര വിയോജിപ്പുകൾക്കിടയിലും യുദ്ധം സൃഷ്ടിച്ച സാഹചര്യം റഷ്യൻ താൽപ്പര്യങ്ങളെയാണ് യഥാർത്ഥത്തിൽ സംരക്ഷിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നത് റഷ്യയുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാക്കി.

ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പലതും അമേരിക്കയ്ക്ക് ഇപ്പോൾ അയവ് വരുത്തേണ്ടി വന്നിരിക്കുന്നു. അമേരിക്കയിലെ ആഭ്യന്തര ഇന്ധനവില നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടത്തിന് റഷ്യൻ എണ്ണയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. കടലിൽ കുടുങ്ങിക്കിടന്ന റഷ്യൻ എണ്ണ വാങ്ങാൻ യു എസ് ട്രഷറി അനുമതി നൽകിയത് ട്രംപിന്റെ നയതന്ത്രപരമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

യുദ്ധത്തിന് മുൻപ് ബാരലിന് 10 മുതൽ 13 ഡോളർ വരെ ഡിസ്കൗണ്ടിൽ വിറ്റിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ വൻ പ്രീമിയം നിരക്കിലാണ് വിറ്റഴിയുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ഏഷ്യൻ വിപണികളിൽ റഷ്യൻ ഇന്ധനത്തിന് ഡിമാൻഡ് വർധിച്ചു. ഇത് റഷ്യൻ ഖജനാവിലേക്ക് വലിയ തോതിൽ പണം എത്തിക്കുന്നു.

യുദ്ധം ഉക്രൈന്റെ പ്രതിരോധത്തെയും ബാധിക്കുമെന്നതാണ് മോസ്കോയ്ക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടം. അമേരിക്കൻ നിർമിത പാട്രിയറ്റ് മിസൈലുകളുടെ ക്ഷാമം ഇപ്പോൾ ഉക്രൈൻ നേരിടുന്നുണ്ട്. ഇറാൻ നടത്തുന്ന ഡ്രോൺ – മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് സ്വന്തം മിസൈലുകൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റേണ്ടി വരുന്നത് ഉക്രൈന്റെ വ്യോമ പ്രതിരോധം ദുർബലമാക്കും. ഇറാൻ ഡ്രോണുകളെ നേരിടാൻ റഷ്യൻ സൈന്യത്തെ ഇറാൻ സഹായിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ അമേരിക്കൻ പടക്കപ്പലുകളുടെയും വിമാനങ്ങളുടെയും വിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചുരുക്കത്തിൽ മിഡിൽ ഈസ്റ്റിലെ പുതിയ യുദ്ധമുഖം റഷ്യയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ കരുത്ത് വർധിപ്പിക്കാനാണ് സഹായിക്കുന്നത്.

 

Summary

The ongoing war in Iran has unexpectedly benefited Russia both economically and geopolitically. Surging global oil prices have boosted Moscow’s revenues, while the U.S. has been forced to ease some sanctions on Russian oil to stabilize domestic fuel costs. Additionally, the diversion of American military resources like Patriot missiles to the Middle East weakens Ukraine’s defenses, providing a strategic advantage to Russia in its ongoing conflict.

 

---- facebook comment plugin here -----

Latest