Kerala
മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം; പരസ്യമായി ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി
മമ്മൂട്ടിയെ ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നുവെന്നും അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | വയനാട് ടൗണ്‍ഷിപ് സന്ദര്‍ശനുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൈബര്‍ ആക്രമണം നേരിടേണ്ടിവന്ന നടന്‍ മമ്മൂട്ടിയോടു ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ ഇത്തരത്തില്‍ അപമാനിക്കരുതായിരുന്നുവെന്നും അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരും ക്ഷണിക്കാതെ അവിടെ എത്തിയവരില്‍ ഒരാളാണ് മമ്മൂട്ടി, അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദര്‍ശിച്ചത്. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളില്‍ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ടൗണ്‍ഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകള്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്നവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി.അവിടെ കാര്യങ്ങളില്‍ നല്ല നിലയ്ക്ക് ഇടപെടുന്ന ആളാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. റഫീഖും മമ്മൂട്ടിയുടെ കൂടി പോയി. ആരെയും അറിയിച്ചുകൊണ്ടല്ല യാത്ര എന്നതിനാല്‍ സ്വാഭാവികമായാണ് റഫീഖിനോടു, നിങ്ങള്‍ ക്ഷണിച്ചിട്ടല്ല ഞാന്‍ വന്നതെന്നും നിങ്ങള്‍ എപ്പോഴും എന്റെ കൂടെ നടന്നാല്‍ അങ്ങനെ ചിത്രീകരിക്കപ്പെടില്ലേ എന്നും പറഞ്ഞത്. കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്ന നിലയുണ്ട്. അതിന് അവസരം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടോ എന്നാവും മമ്മൂട്ടി ഉദ്ദേശിച്ചിട്ടുണ്ടാകുക. തീര്‍ത്തും വ്യക്തിപരമായി പറഞ്ഞ കാര്യമാണത്.പക്ഷേ നമ്മുടെ നാട്ടില്‍ ക്യാമറയെ ശരീരത്തില്‍ വച്ചു നടക്കുന്ന നിരവധി ആളുകളുണ്ട്. അതുവഴിയാണ് മമ്മൂട്ടി പറഞ്ഞതു പുറത്തുവന്നത്. ചിലര്‍ അതു വലിയ വിവാദമാക്കി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള ആക്രമണമുണ്ടായത്. അത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിനു വിഷമമുണ്ടായതില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



